വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് എന്ന അത്യദ്ഭുതം യാതാര്‍ത്ഥ്യമാകുന്നത്. ഒപ്പം വളാഞ്ചേരി ടൌണിലെ കുരുക്കും ഇതോടെ അഴിയും. രാജ്യത്തെ തന്നെ അദ്ഭുതമാകുന്ന ഈ ബൈപ്പാസിന്‍റെയും വട്ടപ്പാറ വളവെന്ന ബർമുഡ ട്രയാംഗിളിന്‍റെയും ചില വിശേഷങ്ങൾ അറിയാം
സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി നാടിന്‍റെ ഗതാഗതമേഖലയിൽ വമ്പൻ മാറ്റത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. മലപ്പുറം ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടൊരു ബൈപ്പാസ് വരുന്നുണ്ട്. അതാണ് വളാഞ്ചേരി ബൈപ്പാസ്. വട്ടപ്പാറ വളവെന്ന് കേൾക്കാത്ത യാത്രികർ ഉണ്ടാകില്ല. പ്രദേശത്തെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവ്. ഈ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് എന്ന അത്യദ്ഭുതം യാതാര്‍ത്ഥ്യമാകുന്നത്. ഒപ്പം വളാഞ്ചേരി ടൌണിലെ കുരുക്കും ഇതോടെ അഴിയും. രാജ്യത്തെ തന്നെ അദ്ഭുതമാകുന്ന ഈ ബൈപ്പാസിന്‍റെയും വട്ടപ്പാറ വളവെന്ന ബർമുഡ ട്രയാംഗിളിന്‍റെയും ചില വിശേഷങ്ങൾ അറിയാം
വട്ടപ്പാറ വളവ്
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ, പണ്ട് NH 17 എന്നും ഇന്ന് NH 66 എന്നും അറിയപ്പെടുന്ന ദേശീയ പാതപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വെട്ടിച്ചിറയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വട്ടപ്പാറയിലുള്ള ഒരു 'കുപ്രസിദ്ധ'മായ വളവാണ് 'വട്ടപ്പാറ വളവ്'. ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും ആഴ്ചയിൽ ഒരപകടം എന്നതാണ് ഇവിടത്തെ ഒരു പതിവ്. വർഷാവർഷം ഈ വളവിൽ തലകുത്തനെ മറിഞ്ഞിട്ടുള്ള വണ്ടികൾക്ക് കണക്കില്ല. കഴിഞ്ഞ കുറച്ചു വർഷത്തിനിടെ ഇവിടെ നടന്നിട്ടുളളത് മുന്നൂറിൽ അധികം വാഹനാപകടങ്ങളാണ്. മുപ്പതിലധികം മരണങ്ങൾ, ഇരുനൂറിലധികം പേർക്ക് പരിക്കും. വാഹനങ്ങൾ വരുന്നതും, മറിയുന്നതും, അഗ്നിശമനസേനാംഗങ്ങൾ മണിയും മുഴക്കി പാഞ്ഞുവന്നു വാഹനം ഉയർത്താൻ ശ്രമിക്കുന്നതും ഒക്കെ ഒരു പതിവ് അനുഷ്ഠാനം പോലെയാണ് പ്രദേശവാസികൾക്ക് അനുഭവപ്പെടാറുള്ളത്.
ആളുകൾക്കുണ്ടാകുന്ന പരിക്കുകൾക്കും ജീവാപായങ്ങൾക്കും പുറമെ ഈ അപകടങ്ങൾക്ക് പലപ്പോഴും പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മറ്റൊരു പൊതുസ്വഭാവമുണ്ട്. പാചകവാതകവും, മറ്റു രാസലായനികളും, വാതകങ്ങളും മറ്റുമായി കൊച്ചിയിലേക്ക് പോകുന്ന ടാങ്കർ ലോറികളാണ് ഇവിടെ സ്ഥിരമായി അപകടത്തിൽ പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളുടെ പേരിൽ അർദ്ധരാത്രിയിൽ പലവട്ടം പ്രദേശവാസികൾ കിടക്കപ്പായയിൽ നിന്ന് ഇറങ്ങിയോടിയ ചരിത്രവുമുണ്ട്. വാതകചോർച്ച അവർക്കൊരു പുത്തരിയല്ല. ഏത് വാതകമാണ് ചോർന്നത്, തീപ്പിടിക്കാൻ സാധ്യതയുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സാധാരണ അവർക്ക് ഉണ്ടാകാറുള്ളത്.
അപകട കാരണങ്ങൾ
വളവിനെ സമീപിക്കുമ്പോൾ റോഡിനുളള ഇറക്കം, വളവിലെ റോഡ് നിർമാണത്തിൽ പ്രതലത്തിന്റെ ചെരിവിന്റെ കാര്യത്തിൽ പാലിക്കേണ്ട ശാസ്ത്രീയതയുടെ കുറവ് തുടങ്ങിയവയാണ് ഇവിടെ തുടർച്ചയായ വാഹനാപകടങ്ങൾക്കു കാരണമാകുന്നത്. ഈ അപകടങ്ങൾക്കുള്ള കാരണം നമ്മൾ ഹൈസ്‌കൂൾ ക്‌ളാസുകളിൽ പഠിച്ചിട്ടുള്ള 'ബാങ്കിങ് ഓഫ് കർവ്' എന്ന തിയറിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഒരു വളവിലൂടെ വേഗത്തിൽ പോകുന്ന വാഹനത്തിന് ഇപ്പോഴും പുറത്തേക്ക് തെറിച്ചു പോകാനുള്ള ഒരു പ്രവണതയുണ്ടാകും. അതിനെയാണ് സെൻട്രിഫ്യൂഗല്‍ ഫോഴ്‌സ് അഥവാ അപകേന്ദ്ര ബലം എന്ന് പറയുന്നത്. ഈ ബലം, വാഹനത്തിന്റെ ടയറിനും റോഡിനും ഇടയിലുള്ള ഘർഷണത്തെ അതിജീവിച്ചാൽ വാഹനം പുറത്തേക്ക് തെറിച്ചു വീഴും. ഈ ഘർഷണമാകട്ടെ വാഹനത്തിന്റെ വേഗത, റോഡിന്റെ പ്രതലത്തിന്റെ അവസ്ഥ, വാഹനത്തിന്റെ ലോഡ് എന്നിവയെ ആശ്രയിച്ചും ഇരിക്കും. ഇവിടെ റോഡിന്റെ ചെരിവ് ഇടത്തേക്കാണ്. വളവിറങ്ങി വരുന്ന വാഹനങ്ങളാണ് സ്വതവേ അപകടത്തിൽ പെടാറുളളത്. വേണ്ടത്ര മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ, അല്ലെങ്കിൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ രാത്രിയിലും മറ്റും സാമാന്യം നല്ല വേഗത്തിൽ ആദ്യത്തെ ഭാഗം ഇറങ്ങി വരുന്ന ടാങ്കർ ലോറിക്കാരും ലോഡുവണ്ടിക്കാരും മറ്റും പെട്ടെന്നാണ് വലത്തേക്കുള്ള ഒരൊറ്റ ഹെയർപിൻ വളവ് ശ്രദ്ധിക്കുക. അതോടെ അവർ വലത്തേക്ക് ഒറ്റയടിക്ക് വെട്ടിത്തിരിക്കുകയും, വണ്ടി ഇടതുവശത്തേക്ക് പാളി ഇടതുഭാഗത്തെ താഴ്ചയിലേക്ക് മറിയുകയാണ് മിക്കവാറും സംഭവിക്കാറുള്ളത്.
ഇങ്ങനൊരുപാലം ഇന്ത്യയിലാദ്യം
വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക. ദേശീയപാതയിൽ പഴയ സി ഐ ഓഫീസ് കഴിഞ്ഞ് വട്ടപ്പാറ ഇറക്കത്തിലെ നിസ്‍കാര പള്ളിക്ക് സമീപത്ത് നിന്നാണ് നിലവിലെ പാതയിൽനിന്നും മാറി പുതിയ പാത പോകുക. വയൽ പ്രദേശത്തിലേക്കിറങ്ങുന്ന പാത ഓണിയൽ പാലം കഴിയുന്നിടത്ത് നിലവിലെ ദേശീയപാതയിൽ വന്ന് ചേരുന്നവിധമാണ് നിർമിക്കുന്നത്.
ബൈപ്പാസ് നിർമ്മാണം വലിയ വേഗതയിൽ കുതിച്ചുപായുകയാണ്. സമതലം അല്ലാത്ത പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപ്പാതയായ വലിയ വയഡക്റ്റാണ് ഇവിടെ നിർമ്മിക്കുന്നത്. നാല് കിലോമീറ്ററിലധികം വരുന്ന പുതിയ പാതയില്‍ രണ്ട് കിലോമീറ്ററോളം വയഡക്റ്റാണ് എന്നതാണ് ശ്രദ്ധേയം. കേരളത്തിൽ ആദ്യമായിരിക്കും ഇത്രയും വലിയ വയഡക്റ്റ്. ഇതുൾപ്പടെ പല റെക്കോർഡുകളും ഈ സൂപ്പർ റോഡിനെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ദേശീയപാതാ വികസനത്തിൽ മലപ്പുറത്തെ ഏറ്റവും വലിയ പ്രൊജക്ട്റ്റാണിത്. 130 ബിയറിംഗുകളോളം വരും ഈ വയഡക്റ്റിൽ. ഏറ്റവും വലിയ ബിയറിംഗിന്‍റെ ഉയരം 32 മീറ്റർ ആയിരക്കുമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇവിടെ നിലവിൽ ഗർഡർ, കോൺക്രീറ്റ് പണികൾ യുദ്ധ കാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ആറുവരി പാതയിൽ വയഡക്റ്റിന് പുറമേ ചെറുപാലങ്ങളും അടിപ്പാതകളും നിർമിക്കും.
സുദർശൻ സേതു റെഡി, രാജ്യത്തിന് ഏറ്റവും നീളം കൂടിയ കേബിൾ പാലം സമ്മാനിച്ച് മോദി, ചെലവ് 978 കോടി!
വയഡക്റ്റുകൾ എന്നാൽ
നീളമുള്ള എലവേറ്റഡ് റെയിൽവേയെയോ റോഡിനെയോ പിന്തുണയ്ക്കുന്ന കമാനങ്ങളോ തൂണുകളോ നിരകളോ അടങ്ങുന്ന ഒരു പ്രത്യേക തരം പാലമാണ് വയഡക്റ്റ് . സാധാരണഗതിയിൽ, ഒരു വയഡക്ട് ഏകദേശം തുല്യമായ ഉയരത്തിലുള്ള രണ്ട് പോയിൻ്റുകളെ ബന്ധിപ്പിക്കുന്നു. ഇത് വിശാലമായ താഴ്‌വര, റോഡ്, നദി അല്ലെങ്കിൽ മറ്റ് താഴ്ന്ന ഭൂപ്രകൃതി സവിശേഷതകളും തടസ്സങ്ങളും കുറുകെ നേരിട്ട് ഓവർപാസ് അനുവദിക്കുന്നു. ലാറ്റിനിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വയഡക്റ്റ് എന്ന പദം. റോഡ് എന്നും നയിക്കുക എന്നുമൊക്കെയാണ് അർത്ഥം. സാധാരണ പാലങ്ങൾ നിർമ്മിക്കുന്നതിനെക്കാള്‍ മൂന്നുമടങ്ങ് ചെലവു വരും വയഡക്റ്റ് നിർമ്മിക്കാൻ. എന്നാൽ പ്രകൃതിക്ക് കാര്യമായ ദോഷം വരില്ല എന്ന ഗുണം ഉണ്ട്.