എണ്ണ വേണ്ടവേണ്ട, വിഷപ്പുകയും ശബ്‍ദവുമില്ല; സൂപ്പറാണ് ഈ സോളാര്‍ ബോട്ട് !

By Web Team  |  First Published Jul 23, 2021, 4:10 PM IST

കൊച്ചി കായലിലൂടെ കഴിഞ്ഞദിവസം അഞ്ച് മണിക്കൂറോളം ഈ ബോട്ട് തലങ്ങും വിലങ്ങും പാഞ്ഞു. അപ്പോള്‍ കരയില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു പ്രദേശവാസികളില്‍ പലരും. കാരണം കടുത്ത മഴക്കാറിനെപ്പോലും അതിജീവിച്ചായിരുന്നു സോളാര്‍ ബോട്ടിന്‍റെ ഊര്‍ജ്ജസ്വലമായ ആ സഞ്ചാരം!


വെള്ളത്തിനടിയിലേക്ക് രഹസ്യമായി കരിമ്പുക തുപ്പി ജലജീവികളുടെ ജീവിതങ്ങളില്‍ വിഷം പുരട്ടില്ല. ശബ്‍ദഘോഷ ജാഡകളുമായി കാതുകളെ ഉടയ്ക്കില്ല. മണിക്കൂറുകളോളം ഈ ബോട്ടില്‍ ചുറ്റിയാലും ഇന്ധനച്ചെലവാകട്ടെ ഒട്ടുമില്ല! കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുന്നുണ്ടാകും, പ്രത്യേകിച്ചും ഭൂമി പുകമൂടുന്ന ഇക്കാലത്ത്; ഇന്ധനവില സൂപ്പര്‍കാറുകളെപ്പോലെ കുതികുതിക്കുന്ന ഇക്കാലത്ത്. എന്നാല്‍ സംഗതി സത്യമാണ്. അത്തരമൊരു ബോട്ട് കഴിഞ്ഞ ദിവസം നീറ്റിലറങ്ങി. കൊച്ചിക്കാരായ മൂന്നുപേര്‍ ചേര്‍ന്നുണ്ടാക്കിയ ഈ സോളാര്‍ ബോട്ട് കുതിച്ചു പാഞ്ഞത് പുതിയൊരു ചരിത്രത്തിലേക്കായിരുന്നു. 

കൊച്ചി കായലിലൂടെ കളമശേരിയില്‍ നിന്ന് മറൈന്‍ ഡ്രൈവ് വരെ അഞ്ച് മണിക്കൂറോളം ഈ ബോട്ട് തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ കരയില്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു പ്രദേശവാസികളില്‍ പലരും. കാരണം കടുത്ത മഴക്കാറിനെപ്പോലും അതിജീവിച്ചായിരുന്നു സോളാര്‍ ബോട്ടിന്‍റെ ഊര്‍ജ്ജസ്വലമായ ആ പ്രയാണം.  കൊച്ചി സ്വദേശികളായ സിബി മത്തായി, സന്ദിത് തണ്ടാശേരി, നോമി പോള്‍ എന്നീ സുഹൃത്തുക്കളാണ് ഈ കിടിലന്‍ ബോട്ടിന് പിന്നില്‍. സോളാര്‍ ബോട്ടിലേക്ക് നയിച്ച കഥകള്‍ സംഘാംഗമായ സിബി മത്തായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവച്ചു. 

Latest Videos

തികച്ചും യാദൃശ്ചികമായാണ് ഇത്തരമൊരു ബോട്ട് നിര്‍മ്മാണത്തിലേക്ക് കടന്നതെന്ന് സിബി മത്തായി പറയുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'കൊച്ചിന്‍ പാഡില്‍ ക്ലബ്ബ്' എന്ന കയാക്കിംഗ് ക്ലബ്ബിലെ അംഗങ്ങളാണ് മൂവരും. കൂട്ടായ്‍മയ്ക്ക് കീഴില്‍ അക്വാഫൈല്‍ എന്ന കമ്പനിയും പ്രവര്‍ത്തിക്കുന്നു. 60 ഓളം അംഗങ്ങളുള്ള ഈ ക്ലബ്ബ് പലപ്പോഴും വിവിധ ജലാശയങ്ങളില്‍ കയാക്കിംഗ് പരിശീലനം നടത്താറുണ്ട്. സംഘത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനത്തിനിടെ ക്ഷീണം വരുമ്പോള്‍ കയറ്റാന്‍ ബോട്ടു വേണമെന്ന ചിന്തയാണ് ഒരു ബോട്ട് സ്വയം ഉണ്ടാക്കുന്നതിലേക്ക് സംഘത്തെ നയിച്ചത്. 

(കൊച്ചിന്‍ പാഡില്‍ ക്ലബ്ബ് അംഗങ്ങള്‍ യാത്രക്കിടെ)

മറൈന്‍ എഞ്ചിനുകളും വോള്‍വോ ബസുകളും ഉള്‍പ്പെടെയുള്ളവയുടെ വിതരണക്കാരനാണ് സിബി മത്തായി. സംഘത്തിലെ സന്ദിത് തണ്ടാശേരി എന്ന പേര് മുമ്പും കേരളം കേട്ടിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് ജലഗതാഗത വകുപ്പിന് സോളാര്‍ ബോട്ടുണ്ടാക്കിക്കൊടുത്ത നേവല്‍ ആര്‍ക്കിടെക്റ്റാണ് സന്ദിത്. 2017ല്‍ സന്ദിതിന്‍റെ നേതൃത്വത്തില്‍ വൈക്കം കായലില്‍ ഇറക്കിയ 'ആദിത്യ' എന്ന സോളാര്‍ ബോട്ട് ഇപ്പോഴും ആലപ്പുഴയിലെ തവണക്കടവിലേക്കും തിരിച്ച് വൈക്കത്തേക്കും ലാഭകരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. സന്ദിതിന്റെയും സിബിയുടെയുമൊപ്പം വൊഡാഫോണിലെ മുന്‍ ജനറല്‍ മാനേജരായിരുന്ന നോമി പോള്‍ കൂടി ചേര്‍ന്നതോടെയാണ് ഈ കുഞ്ഞന്‍ സോളാര്‍ ബോട്ട് യാതാര്‍ത്ഥ്യമായത്.

ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത എഞ്ചിനാണ് ബോട്ടിന്‍റെ ഹൃദയം. കൊച്ചിയിലെ പ്രമുഖ ബോട്ട് നിര്‍മ്മാതാക്കളായ വാലെത്ത് ബോട്ട് യാര്‍ഡിലാണ് ഈ സോളാര്‍ ബോട്ടിന്‍റെ ഹള്‍ നിര്‍മ്മിച്ചത്. മടക്കി വയ്ക്കാവുന്ന തരം പ്രത്യേകതയുള്ള സോളാര്‍ പാനലുകളാണ് ബോട്ടിന്‍റെ ഇന്ധന സ്രോതസ്. ബാറ്ററി യൂണിറ്റ് സന്ദിതിന്‍റെ  സ്ഥാപനമായ നവ്ഗതി മറൈന്‍ അസംബിള്‍ ചെയ്‍തതോടെ നാലു പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞന്‍ സോളാര്‍ ബോട്ട് റെഡി. 

ഏകദേശം 10 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഈ ബോട്ടിന്‍റെ നിര്‍മ്മാണ ചെലവെന്ന് സിബി മത്തായി പറയുന്നു.  കളമശേരിയില്‍ നിന്ന് മറൈന്‍ ഡ്രൈവ് വരെയായിരുന്നു സോളാര്‍ ബോട്ടിന്‍റെ കന്നിയാത്ര. കയാക്കിംഗ് സംഘവും ഒപ്പം ഉണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നിട്ടു കൂടി അഞ്ചു മണിക്കൂറോളം തുടര്‍ച്ചയായി കായലിലൂടെ സഞ്ചരിച്ച ബോട്ട് അതിന്‍റെ നിര്‍മ്മാതാക്കളെപ്പോലും അമ്പരപ്പിച്ചുവെന്നതാണ് ഏറെ കൌതുകകരം. 

വെള്ളത്തിനടിയിലേക്ക് കുഴലൊളിപ്പിച്ച് പുക തള്ളുന്ന പരമ്പരാഗത ഇന്ധന ബോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോല്‍ ബഹുദൂരം മുന്നിലാണ് സോളാര്‍ ബോട്ട്. ഇന്ധനച്ചെലവ് ഇല്ല എന്നത് മാത്രമല്ല ഈ ബോട്ടിനെ 'സംപൂജ്യമാ'ക്കുന്നത്, സീറോ പൊലൂഷ്യന്‍ ഉള്‍പ്പെടെ തികച്ചും പരിസ്ഥതി സൌഹാര്‍ദ്ദമാണ് സോളാര്‍ ബോട്ടുകള്‍.  ഇനിയും ആവശ്യാനുസരണം പരിഷ്‍കരിച്ച് ഉപയോഗിക്കാമെന്നതും ഈ ബോട്ടിന്‍റെ പ്രത്യേകതയാണ്. 

ഇന്ത്യന്‍ നേവി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സോളാര്‍ ബോട്ടുകളോടെ താല്‍പ്പര്യം പ്രകടപ്പിക്കുന്നുണ്ടെന്നും വിസ്‍ത ഡ്രൈവ് ലൈന്‍ മോട്ടോഴ്‍സ് എന്ന സ്ഥാപനത്തിന്‍റെ എംഡി കൂടിയായ സിബി മത്തായി സാക്ഷ്യപ്പെടുത്തുന്നു. ജലാശയങ്ങളെ മലിനമാക്കാതെ, നിശബ്‍ദമായി സര്‍വ്വേകള്‍ നടത്താനും മറ്റും ഇത്തരം ബോട്ടുകള്‍ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു. വെനീസിനെപ്പോലുള്ള ജലനഗരങ്ങളില്‍ ഇപ്പോള്‍ വിഷപ്പുക തള്ളാത്ത ഇത്തരം സോളാര്‍ ബോട്ടുകള്‍ക്കാണ് മുന്‍ഗണനയെന്നും സിബി മത്തായി പറയുന്നു. 
 

(സോളാര്‍ ബോട്ട് ആകാശദൃശ്യം)

 

click me!