പ്രളയത്തില്‍ നിന്ന് കരകയറി കേരള ടൂറിസം, 24 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് 2019 ല്‍

By Web Team  |  First Published Mar 6, 2020, 11:11 AM IST


1.83 കോടി അഭ്യന്തര സഞ്ചാരികളും 11.89 ലക്ഷം വിദേശ സഞ്ചാരികളും കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തി. 45,010.69 കോടിയുടെ വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്ന് കേരളത്തിനുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം വിനോദ സഞ്ചാര മേഖലയിലും കുതിക്കുന്നു. 24 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് 2019 ലെന്ന് റിപ്പോര്‍ട്ട്. 1.96 കോടി ആഭ്യന്തര വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 17.2 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളത്തിന് ഉണ്ടായിരിക്കുന്നത്. 

1.83 കോടി അഭ്യന്തര സഞ്ചാരികളും 11.89 ലക്ഷം വിദേശ സഞ്ചാരികളും കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തി. 45,010.69 കോടിയുടെ വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്ന് കേരളത്തിനുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 ല്‍ 1.67 കോടിയായിരുന്നു വിനോദ സഞ്ചാരികളുടെ എണ്ണം. ഇതില്‍ 1.56 കോടി ആഭ്യന്തര സഞ്ചാരികളും 10.96 ലക്ഷം വിദേശീയരും ഉള്‍പ്പെടും. 

Latest Videos

''2018 ലും 2019 ലും തുടര്‍ച്ചയായുണ്ടായ അപ്രതീക്ഷിത മഴയും പ്രളയവും കാരണമുണ്ടായ മാന്ദ്യത്തില്‍ നിന്ന് വിനോദസഞ്ചാര മേഖല കരയറി കഴിഞ്ഞു. 1996 മുതലുള്ള കണക്കുകളില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തിയ വര്‍ഷം 2019 ആണ്. '' ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

ഈ വര്‍ഷവും ഇത് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ലോകം കൊറോണ വൈറസില്‍ നിന്ന് എത്ര പെട്ടന്ന് മുക്തി നേടുന്നു എന്നതനുസരിച്ചായിരിക്കും അതെന്നും കടകംപള്ളി പറഞ്ഞു. 14 ജില്ലകളില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തിയത് എറണാകുളത്താണ്(4582366), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ് (3348618), തൃശ്ശൂര്‍ (2599248), ഇടുക്കി(1895422) എന്നിങ്ങനെയാണ് സഞ്ചാരികളുടെ എണ്ണം.
 

click me!