സാധാരണക്കാരനും ഇനി റസ്റ്റ് ഹൗസില്‍ മുറി കിട്ടും, പീപ്പിള്‍സ് റസ്റ്റ് ഹൗസെന്ന് മന്ത്രി!

By Web Team  |  First Published Oct 25, 2021, 10:53 PM IST

റസ്റ്റ് ഹൗസില്‍ ഒരു മുറി വേണോ? ഇനി സാധാരണക്കാരനും ബുക്ക് ചെയ്യാമെന്ന് മന്ത്രി


തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ (PWD Rest House)ഇനി പൊതുജനങ്ങള്‍ക്കും സ്വന്തം. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരനും ബുക്ക് ചെയ്യാനാകും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ (PWD Rest House) പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി (Peoples Rest House) മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി മുഹമ്മദ്​ റിയാസ്​ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും.

റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്‍ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായുള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്താണുള്ളത്.

Latest Videos

റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെ.ടി.ഡി.സി മാനേജിങ്​ ഡയറക്ടറെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.  ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം റസ്റ്റ് ഹൗസുകളെ മാറ്റും. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സ‍ഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു.

റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പുവരുത്തും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്​ലറ്റ് ഉള്‍പ്പെടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നല്ല ഫ്രണ്ട് ഓഫിസ് ഉള്‍പ്പെടെ സംവിധാനം ഏര്‍പ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും ഒപ്പം കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 


 

click me!