ട്രെയിനിലെ ദുരിതം വിവരിച്ച് പ്രമുഖ ട്രാവൽ വ്ലോഗറും യൂട്യൂബറുമായ സുജിത് ഭക്തന്റെ വീഡിയോ.
കൊച്ചി: കേരളത്തിലേക്ക് യാത്ര ചെയ്ത ട്രെയിനിലെ ദുരിതം വിവരിച്ച് പ്രമുഖ ട്രാവൽ വ്ലോഗറും യൂട്യൂബറുമായ സുജിത് ഭക്തന്റെ വീഡിയോ. കുടുംബത്തോടൊപ്പം മൂകാംബിക ദർശനം കഴിഞ്ഞ് ഹസ്രത് നിസാമൂദ്ദീൻ -എറണാകുളം സൂപ്പർ ഫാസ്റ്റ് എക്പ്രസിൽ തിരിച്ചുവരികയായിരുന്നു സുജിതും കുടുംബവും. ഇത്രയും ദുരിതപൂർണ്ണായ ട്രെയിൻ യാത്ര അടുത്ത കാലത്തൊന്നും നടത്തിയിട്ടില്ലെന്ന് സുജിത് വീഡിയോയിൽ പറയുന്നു. ട്രെയിനിലെ ദുരവസ്ഥയുടെ വീഡിയോ പകർത്തിയായിരുന്നു സുജിത് ദുരിതം വിശദീകരിച്ചത്.
മണിക്കൂറുകളോളം മനംമടുപ്പിക്കുന്ന ദുർഗന്ധവും സഹിച്ചാണ് ഞങ്ങൾ എറണാകുളത്ത് എത്തിയത്. പൊട്ടിപ്പൊളിഞ്ഞ ബാത്ത് റൂം, ഇത് എസി കോച്ചാണ് എന്നോർക്കണം. 6500 രൂപ മുടക്കി ടിക്കറ്റെടുത്ത് എട്ടുപേരാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ആ കോച്ചിന്റെ അവസ്ഥയാണ് നിങ്ങൾ കാണുന്നതെന്നും വീഡിയോ ദൃശ്യങ്ങൾ സഹിതം സുജിത് വിശദീകരിച്ചു. ശുചിമുറികളിൽ രണ്ട് ഭാഗത്തുമുള്ളവയിൽ രണ്ടെണ്ണമാണ് ഉപയോഗിക്കാൻ പറ്റുന്നത്. അതിൽ ഒരെണ്ണത്തിന്റെ വാതിൽ തകർന്നുകിടക്കുകയാണ്. മറ്റൊരു ശുചിമുറിയിൽ മലവിസർജനം നടത്തി വെള്ളം പോലും ഒഴിച്ചിട്ടില്ല. കടുത്ത ദുർഗന്ധമാണ് ഇവിടെയെല്ലാം.
കോച്ചിന്റെ നടുഭാഗത്ത് ഇരുന്നിട്ട് പോലും ഡോർ തുറക്കുമ്പോൾ ദുർഗന്ധം വരുന്നുണ്ട്. ടോയ്ലെറ്റിൽ വൃത്തിഹീനത മാത്രമല്ല, ട്രെയിനിന്റെ ചില ഭാഗത്ത് ചോർച്ചയുണ്ടെന്നും അദ്ദേഹംപറഞ്ഞു. കുടുംബത്തോടൊപ്പമുള്ള യാത്രയിൽ ഇത്രയും ദുരിതം ഒരിക്കലും അനുഭവിച്ചിട്ടില്ല. സംഭവത്തിൽ പരാതി നൽകിയിട്ടും ആരും പ്രതികരിച്ചില്ല. സാധാരണഗതിയിൽ പത്ത് മിനുട്ടിനകം കോൾ വരുന്നതാണ്. ഇപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതികരണമൊന്നുമില്ല. ദില്ലിയിൽ നിന്ന് മിക്ക ട്രെയിനുകളുടെയും അവസ്ഥ ഇതാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ എസി കോച്ചുകളിൽ പോലും ഇത്രയും മോശം അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.