റോഡിലെ കുഴികള്‍ പെട്ടെന്ന് അടക്കാനുള്ള പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രങ്ങള്‍ വ്യാപകമാക്കാന്‍ പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: റോഡിലെ കുഴികള്‍ പെട്ടെന്ന് അടക്കാനുള്ള പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രങ്ങള്‍ വ്യാപകമാക്കാന്‍ പൊതുമരാമത്ത് വകുപ്പ്. എല്ലാ ജില്ലകളിലും ഈ യന്ത്രങ്ങള്‍ എത്തിക്കാനാണ് നീക്കം.
ഇതിനായി വിവിധ കമ്പനികളുടെ യന്ത്രങ്ങളെക്കുറിച്ചുള്ള പരിശോധന പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രത്തിന് കുറഞ്ഞത് 63 കുതിരശക്തിയും 8650 മില്ലിമീറ്റര്‍ നീളവും 2900 മില്ലിമീറ്റര്‍ ഉയരവും 2400 മില്ലിമീറ്റര്‍ വീതിയുമുണ്ടാകണമെന്നാണ് നിബന്ധന. 100 ചതുരശ്രമീറ്റര്‍ പ്രവര്‍ത്തനമേഖലയുമുണ്ടാകണമെന്നും നിബന്ധനയുണ്ട്.
31,57,076 രൂപ മുടക്കി 2011-ല്‍ പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രം പൊതുമരാമത്ത് നിരത്ത് വിഭാഗം വാങ്ങിയിരുന്നു. ഇത് വിവിധ സ്ഥലങ്ങളിലെ നഗരപാതകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 2013 വരെ ഉപയോഗിച്ചിരുന്നു. പിന്നീട് പ്ലാന്‍റ് എന്‍ജിന്‍ തകരാറായതിനെത്തുടര്‍ന്ന് ഇവ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് കൂടുതല്‍ മികച്ച യന്ത്രങ്ങള്‍ വാങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. പുതിയ പോട്ട് ഹോള്‍ ഫില്ലിങ് യന്ത്രമുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് പ്രവൃത്തികള്‍ നടത്തുകയെന്നും മെഷീന്‍ കരാറുകാര്‍ക്ക് വാടകയ്ക്ക് നല്‍കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കെ.എസ്.ടി.പി. പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡുകളില്‍ വരുന്ന അറ്റകുറ്റപ്പണികള്‍ അതത് കരാറുകാര്‍ തന്നെ നടത്തണം. നിരത്ത് വിഭാഗത്തിന് കീഴിലുള്ള റോഡിലുണ്ടാകുന്ന കുഴികളാണ് വകുപ്പ് തന്നെ അടയ്ക്കുക.
മൊബൈല്‍ റോഡ് റിപ്പയര്‍ യൂണിറ്റ് രൂപവത്കരിച്ച് യന്ത്രമുപയോഗിച്ച് റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതും വകുപ്പിന്‍റെ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.