'ഒരുപിടി അവിലുമായി ജന്മങ്ങൾ താണ്ടി'യ പോലെ മോദി കടലിൽ മുങ്ങി, ദ്വാരക കാഴ്ചകൾ ട്രെൻഡിംഗാകുന്നു!

By Web Team  |  First Published Feb 25, 2024, 7:36 PM IST

ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നതന്നുമാണ് കരുതുന്നത്. ദ്വാരകയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണെന്നാണ് വിശ്വാസം. ഇതാ ചില ദ്വാരക വിശേഷങ്ങൾ. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ വീണ്ടും യാത്രികരുടെയും തീർത്ഥാടകരുടെയുമൊക്കെ മനസിൽ ഇടം നേടിയിരിക്കുകയാണ് ദ്വാപരയുഗത്തിലെ ദ്വാരക. ഹൈന്ദവ പുരാണങ്ങളുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. ശ്രീകൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ഈ ദ്വാരക കടലില്‍ മുങ്ങിപ്പോയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏഴു തവണ കടലിൽ മുങ്ങിപ്പോയെന്നും ഏഴാമത്തെ തവണ പുനർ നിർമ്മിച്ചതാണ് ഇപ്പോള്‍ കാണപ്പെടുന്നതന്നുമാണ് കരുതുന്നത്. ദ്വാരകയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണെന്നാണ് വിശ്വാസം. കടലിലേക്ക് ഡൈവ് ചെയ്‍താണ് പ്രധാനമന്ത്രി പ്രാർത്ഥന നടത്തിയത്. ഇതാ ചില ദ്വാരക വിശേഷങ്ങൾ. 

വിശ്വാസികളെ മാത്രമല്ല, ചരിത്രകാരന്മാരേയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുരാതന നഗരങ്ങളിലൊന്നുകൂടിയാണ് ദ്വാരക. ആധുനികതയും പൗരാണികതയും സമ്മേളിക്കുന്ന അപൂര്‍വ്വ ഇടമാണിവിടം. കൃഷ്ണന്‍റെ നഗരമെന്നും സപ്തപുരികളിലൊന്നുമായി കണക്കാക്കപ്പെടുന്ന ദ്വാരക ഹൈന്ദവ വിശ്വാസികള്‍ക്കു മാത്രമല്ല, ജൈനര്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കുമെല്ലാം പുണ്യനഗരമാണ്. ശ്രീകൃഷ്ണന്‍ രാജാവായി ഭരിച്ചിരുന്ന രാജ്യമായാണ് ദ്വാരക അറിയപ്പെടുന്നത്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദ്വാരകയ്ക്ക് ചരിത്രത്തിലേക്കും പുരാണത്തിലേക്കും ഒരേ സമയം ആളുകളെ നയിക്കുവാന്‍ സാധിക്കും. 

Latest Videos

ദ്വാരകയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ ദ്വാരകാധീശ് ക്ഷേത്രം. ദ്വാരകാധീശനായി ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ദ്വാപര യുഗത്തിലാണ് കൃഷ്ണന്‍ ഇവി‌ടെ ഭരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹത്തിന്റം സാന്നിധ്യം അറിയുവാന്‍ സാധിക്കും എന്ന തരത്തിലാണ് വിശ്വാസികള്‍ ഇവിടെ എത്തുന്നത്. ദ്വാരകാധീശ് എന്നാണ് കൃഷ്ണനെ ഇവിടെ വിശേഷിപ്പിക്കുന്നത്. അയ്യായിരത്തോളം വര്‍ഷം പഴക്കം ഈ നഗരത്തിനുണ്ടെന്നാണ് മിത്തും കഥകളും പറയുന്നത്. സമുദ്ര നിരപ്പിനോട് ചേര്‍ന്നാണ് ദ്വാരകാനഗരം സ്ഥിതി ചെയ്യുന്നത്.

യാദവര്‍ക്കു വേണ്ടി ദേവശില്പിയായ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച നഗരമാണിതെന്നും കഥകളുണ്ട്. തന്‍റെ അമ്മാവനായ കംസനെ കൊന്നതിനു ശേഷം കൃഷ്ണന്‍ മുത്തച്ഛനായ ഉഗ്രസേനനെ മഥുരയിലെ രാജാവാക്കി. അതോടെ കംസന്റെ ഭാര്യാ പിതാവായ ജരാസന്ധരന് യാദവരോട് അടക്കാനാവാത്ത പക ഉണ്ടായി. ജരാസന്ധരന്‍ നിരന്തരം അവരെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഇതോടെ കൃഷ്ണന്‍ യാദവരേയും കൂട്ടി ഉത്തര-പശ്ചിമ തീരത്തുള്ള ഓഖാ മണ്ഡലത്തിന്റെ കടലോരത്തെത്തി. അവിടെ പുതിയൊരു യാദവ സാമ്രാജ്യം സ്ഥാപിക്കാൻ പന്ത്രണ്ടു യോജന സ്ഥലം കടൽ ദേവനായ വരുണനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് പന്ത്രണ്ടു യോജനയിൽ അധികം സമുദ്രം പിൻമാറി. ഈ സ്ഥലത്ത് ദേവ ശിൽപ്പിയായ വിശ്വകർമ്മാവ് ഒരു രാജ്യവും സുവർണ്ണ ദാരക എന്ന യാദവ തലസ്ഥാനവും നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം.

ദ്വാരകയില്‍ കൃഷ്ണനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രമാണ് ദ്വാരകാധീശ് ക്ഷേത്രം. കൃഷ്ണന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ പൗത്രനായ വജ്രനാഭൻ ആണ് ഇന്നത്തെ ദ്വാരകാധീശ് ക്ഷേത്രത്തിന്‍റെ ആദ്യരൂപം നിര്‍മ്മിച്ചത്. തന്‍റെ ജനങ്ങള്‍ക്കായി കടലില്‍ നിന്നും ഉയര്‍ത്തിയെടുത്ത പ്രദേശത്തിന്റെ അവശേഷിക്കുന്ന ഭാഗത്തിനു സമീപമാണ് ക്ഷേത്രമുള്ളത്. . മഥുരയില്‍ നിന്നെത്തിയ കൃഷ്ണന്‍ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഇവിടെയാണ് ചിലവഴിച്ചത്. ജഗത് മന്ദിര്‍ എന്നും ക്ഷേത്രത്തിനു പേരുണ്ട്.

ഹരിഗൃഹ എന്നറിയപ്പെടുന്ന ഇവിടെ ഇന്നു കാണുന്ന ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗത്തിന് 2500 വര്‍ഷത്തിലധികം പഴക്കമുണ്ടത്രെ. എന്നാല്‍ പുനര്‍നിര്‍മ്മിച്ച ക്ഷേത്രത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. അക്കാലത്ത് ലഭ്യമായതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള കല്ലുകൾ ഉപയോഗിച്ച് ചാലൂക്യ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അഞ്ചു നിലകളിലായാണ് ദ്വാരകാധീശ് ക്ഷേത്രം. 72 തൂണുകള്‍ ചേര്‍ന്നാണ് ക്ഷേത്രത്തെ താങ്ങിനിര്‍ത്തുന്നത്. ദ്വാരകാധാശനായി വിഷ്ണുവിന്‍റെ ത്രിവിക്രമ രൂപത്തിലാണ് കൃഷ്ണ പ്രതിഷ്‍ഠ. കൃഷ്ണന്റെ സഹോദരനായ ബലരാമനും തൊട്ടടുത്തുതന്നെ പ്രതിഷ്‍ഠയുണ്ട്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്ന് വേറെയും ഒരുപാട് ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.

കടലിൽ മുങ്ങി മോദി
അതേസമയം കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടലില്‍ മുങ്ങിയത്. സമയത്തിനും കാലത്തിനും അതീതമായ ഭക്തിയാണ് കടലിനടിയില്‍ അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. മുങ്ങൽ വിദഗ്ധരോടൊപ്പം കടലിനടിയിൽ നിന്നുളള ചിത്രങ്ങളും  മോദി എക്സിൽ പങ്കുവച്ചു. കടലിൽ മുങ്ങിയ ശേഷം മോദി ദ്വാരക ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. 

click me!