താൻ ഭാര്യയുടെ പേരും ജനനത്തീയതിയും അങ്ങോട്ട് ചോദിച്ചുറപ്പിച്ചിട്ടും, തനിക്ക് തെറ്റായ വിവരം തന്നതിലാണ് ഡോക്ടർക്ക് അടക്കാനാകാത്ത രോഷം തോന്നുന്നത്.
കഴിഞ്ഞ ദിവസം, തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള ഡോ. വിനായകം എന്ന ഹൈ പ്രൊഫൈൽ അനസ്തെറ്റിസ്റ്റിന് എയർ ഇന്ത്യയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ശുഭ ലക്ഷ്മി ദില്ലിയിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു പോയി എന്നായിരുന്നു വിളിച്ചയാൾ അറിയിച്ചത്. വിളിച്ചയാൾ അതേ കോളിൽ തന്നെ വാഷിംഗ്ടണിൽ ഉള്ള എയർ ഇന്ത്യാ മാനേജരുടെ നമ്പർ കൊടുത്തു. എന്നിട്ട്, മൃതദേഹം ഏറ്റുവാങ്ങാൻ വേണ്ട സംവിധാനങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു.
വാഷിംഗ്ടൺ ഡിസിയിൽ സ്ഥിരതാമസമുള്ള ഈ ഡോക്ടർ ദമ്പതികൾ നാട്ടിലേക്ക് അവധിക്കാലം ചെലവിടാനെത്തി കൊവിഡ് ലോക്ക് ഡൌൺ കാരണം നാട്ടിൽ കുടുങ്ങുകയാണുണ്ടായത്. ഒടുവിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ ഡോ. ശുഭ ലക്ഷ്മിക്ക് തനിച്ച് തിരികെ പോകേണ്ട സാഹചര്യമുണ്ടായി. അങ്ങനെ അവർ തിരികെ യാത്ര ചെയ്ത് അവിടെ എത്തും മുമ്പായിരുന്നു എയർ ഇന്ത്യ സ്റ്റാഫിന്റെ ഫോൺ കോൾ അവരുടെ ഭർത്താവിനെ തേടിയെത്തുന്നത്.
ആ വാർത്തകേട്ട താൻ ഒരു നിമിഷനേരത്തേക്ക് ആകെ സ്തബ്ധനായി ഇരുന്നുപോയെന്നാണ് ഡോ. വിനായകം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. വളരെ പെട്ടെന്നുതന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ഡോക്ടർ എയർ ഇന്ത്യ സ്റ്റാഫിനോട് തന്റെ ഭാര്യയുടെ പൂർണ്ണനാമവും ജനനത്തീയതിയും സഹിതം തിരിച്ചു ചോദിച്ചുകൊണ്ട് മരിച്ചത് തന്റെ ഭാര്യതന്നെയാണോ എന്നുറപ്പിക്കാൻ ശ്രമിച്ചു. അപ്പോഴും അയാൾ പറഞ്ഞത് തന്നെ ആവർത്തിച്ചു.
ഡോക്ടർ അടുത്തതായി ഫോണെടുത്ത് വിളിച്ചത് വാഷിംഗ്ടൺ ഡിസിയിലെ തന്റെ വീട്ടിലെ കെയർ ടേക്കറെ ആയിരുന്നു. അതോടെ അദ്ദേഹത്തിന്റെ പരിഭ്രമത്തിന് അന്ത്യമായി. തന്നെ ഡോക്ടർ വാഷിംഗ്ടൺ എയർപോർട്ടിൽ വന്നിറങ്ങിയ ശേഷം, കാറുമായി വന്നു പിക്ക് ചെയ്യാൻ ആവശ്യപ്പെട്ടു എന്ന് കെയർ ടേക്കർ പറഞ്ഞതോടെ അദ്ദേഹത്തിന് ആശ്വാസമായി. വേണ്ടപോലെ പരിശോധിച്ചുറപ്പിക്കാതെ പ്രായാധിക്യം കാരണം പലവിധരോഗങ്ങൾ അലട്ടുന്ന തന്നെ വിളിച്ച്, ഇങ്ങനെ ഭാര്യ മരിച്ചു എന്ന് പറഞ്ഞതിനും, രണ്ടു മണിക്കൂറോളം നേരം മനോവ്യഥ ഉണ്ടാക്കിയതിനും എയർ ഇന്ത്യയ്‌ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്നാണ് ഇപ്പോൾ ഡോ. വിനായകൻ പറയുന്നത്.
ഡോ. വിനായകം ഏറെ അന്തർദേശീയതലത്തിൽ ഏറെ അറിയപ്പെടുന്ന ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ ആണ് .1992 -ൽ ഒരു കാറപകടത്തെ തുടർന്ന് കെ കരുണാകരനെ ചികിത്സയ്ക്കായി അമേരിക്കയ്ക്ക് കൊണ്ടുപോകേണ്ടി വന്നപ്പോൾ അന്ന് അവിടെ അദ്ദേഹത്തെ ചികിത്സിച്ചത് ഡോ. വിനായകമാണ്. അമേരിക്കയിലെ ജോർജ് ടൌൺ സർവകലാശാലയിലെ അധ്യാപകനുമായിരുന്നു ഡോ. വിനായകം.
സത്യത്തിൽ സംഭവിച്ചതെന്ത്?
ഡോ.ശുഭലക്ഷ്മിക്ക് ബോർഡിങ് പാസ് പ്രകാരം അലോട്ട് ചെയ്ത സീറ്റിൽ അബദ്ധവശാൽ മറ്റൊരു സ്ത്രീ വന്നിരിക്കുകയും, വിമാനയാത്രാമധ്യേ അവർ മരിച്ചു പോവുകയുമാണുണ്ടായത്. എയർ ഇന്ത്യയുടെ ഓഫീസ് സ്റ്റാഫ് മരിച്ചത് ആരെന്നു നേരിട്ട് പരിശോധിച്ചുറപ്പിക്കുക പോലും ചെയ്യാതെ, നേരെ അവരുടെ PNR കോഡ് വെച്ച്, റെക്കോർഡ്സിൽ ഉണ്ടായിരുന്ന ബന്ധുക്കളുടെ നമ്പറിൽ വിളിച്ച് നേരെ ആൾ മരിച്ചു പോയി എന്ന് പറയുകയാണ് ചെയ്തത്. തെറ്റുകൾ ആർക്കും പറ്റാം എന്നത് താൻ മനസിലാക്കുന്നു എങ്കിലും, താൻ ഭാര്യയുടെ പേരും ജനനത്തീയതിയും അങ്ങോട്ട് ചോദിച്ചുറപ്പിച്ചിട്ടും, തനിക്ക് തെറ്റായ വിവരം തന്നതിലാണ് ഡോക്ടർക്ക് അടക്കാനാകാത്ത രോഷം തോന്നുന്നത്. രണ്ടാമത് ഒന്ന് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ പോലും മിനക്കെടാതെ, എത്ര കാഷ്വൽ ആയിട്ടാണ് എയർ ഇന്ത്യ ഓഫീസർ ഇത്ര ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തത് എന്നും അദ്ദേഹം ആക്ഷേപമായി പറയുന്നു.
ഈ വിഷയത്തിൽ പരാതി കിട്ടിയിട്ടുണ്ടെന്നും, വസ്തുതകൾ അന്വേഷിച്ചുറപ്പിച്ച ശേഷം യുക്തമായ നടപടികൾ സ്വീകരിക്കും എന്നും എയർ ഇന്ത്യ പറഞ്ഞു. ഈ വിഷയത്തിൽ ഡോക്ടർക്കുണ്ടായ മാനസിക വിഷമങ്ങൾക്ക് എയർ ഇന്ത്യ ക്ഷമാപണവും നടത്തി.