'കൊല്ലെടാ' മാഫിയക്കൊരു മുട്ടന്‍ പണി, യാത്രികര്‍ക്കൊരു മധുരപ്പൊതി!

By Web Team  |  First Published Apr 28, 2019, 12:39 PM IST

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേരള- ബെംഗളുരു റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം


തിരുവനന്തപുരം: ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമായി കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും ദിവസവും നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. ഈ യാത്രകളില്‍ അന്തര്‍ സംസ്ഥാന ബസ് മുതലാളിമാരുടെ കൊള്ളയും ക്രൂരതകളും ഒരു തവണയെങ്കിലും അനുഭവിക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. കല്ലട സംഭവത്തോടെ അത്തരം ദുരിത യാത്രകള്‍ക്ക് അറുതിയാവുകയാണ്.

Latest Videos

undefined

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേരള- ബെംഗളുരു റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനിച്ചതായാണ് പുതിയ വാര്‍ത്ത. ഇരുസംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തുടര്‍നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളവും കര്‍ണാടകവും 50 സര്‍വീസ് വീതം മള്‍ട്ടി ആക്‌സില്‍ ബസുകളാണ് സര്‍വീസ് നടത്തുക. ഇതിനായി താത്കാലിക പെര്‍മിറ്റ് അനുവദിക്കും. എറണാകുളം തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പത്തുദിവസത്തിനകം സര്‍വീസ് ആരംഭിക്കും. 20 പെര്‍മിറ്റ് സംസ്ഥാനത്തിന്റെ കൈവശമുണ്ട്.

കെഎസ്ആര്‍ടിസിയുടെ കൈവശം ആവശ്യത്തിന് ബസില്ലാത്ത സാഹചര്യത്തില്‍ പാട്ടത്തിന് വണ്ടിയെടുക്കും. ബസ് നല്‍കാന്‍ സന്നദ്ധതയുള്ള സ്വകാര്യ ബസ് ഉടമകളില്‍ നിന്നും ഉടന്‍ താത്പര്യപത്രം ക്ഷണിക്കാനും നീക്കമുണ്ട്.

പുതുതായി ആരംഭിക്കുന്ന സര്‍വീസുകള്‍ പര്യാപ്‍തം അല്ലെങ്കില്‍ കോണ്‍ട്രാക്ട് ക്യാരേജുകളും ഏര്‍പ്പെടുത്തും. നിലവില്‍ കര്‍ണാടകത്തിലേക്ക് 52 സര്‍വീസുകളുണ്ട്. ബംഗളുരു സര്‍വീസിനു പുറമെ ചെന്നൈയിലേക്കും ആവശ്യമെങ്കില്‍ അധിക സര്‍വീസ് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒപ്പം അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാൻ കർശന വ്യവസ്ഥകളുമായി ഗതാഗതവകുപ്പ‌് രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജല്ലാതെ  ചരക്കുകടത്ത‌് പാടില്ല, ലൈസൻസിന‌് അപേക്ഷിക്കുന്നവർക്ക‌് ക്രിമിനൽ കേസുണ്ടാകരുത‌് എന്നത്‍ അടക്കമുള്ള നിബന്ധനകളടങ്ങിയ ഉത്തരവ‌് പുറത്തിറക്കി.

സർവീസ‌് അപേക്ഷകർക്ക‌് പൊലീസ‌് ക്ലിയറൻസ‌് സർട്ടിഫിക്കറ്റ‌ും നിർബന്ധമാക്കി. കെഎസ‌്ആർടിസി, സ്വകാര്യ ബസ‌്സ്‌റ്റാൻഡുകളുടെ 500 മീറ്റർ പരിധിയിൽ ബുക്കിങ‌് ഓഫീസോ പാർക്കിങ്ങോ പാടില്ല. സർവീസ‌് നടത്താൻ ആവശ്യമായ സാമ്പത്തിക പശ്ചാത്തലം ഏജൻസിക്ക‌് ഉണ്ടോയെന്നും പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത‌്. മൂന്നുമാസത്തിലൊരിക്കൽ സർവീസ് വിവരങ്ങൾ ആർടിഒക്ക‌് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


 

click me!