വെറും 100 രൂപ മതി, ട്രെയിനില്‍ ഇനി 'മസാജ്' സര്‍വ്വീസും!

By Web Team  |  First Published Jun 9, 2019, 3:14 PM IST

രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത. യാത്രയിലെ ബോറടി മാറ്റാനും സുഖകരമായ യാത്രയ്ക്കും ട്രെയിനുകളിൽ ഇനിമുതല്‍ മസാജ് സർവ്വീസും



ദില്ലി: രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത. യാത്രയിലെ ബോറടി മാറ്റാനും സുഖകരമായ യാത്രയ്ക്കും ട്രെയിനുകളിൽ ഇനിമുതല്‍ മസാജ് സർവ്വീസും ലഭിക്കും. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. 

പരീക്ഷണാടിസ്ഥാനത്തിൽ ഇൻഡോറിൽ നിന്നും യാത്ര ആരംഭിക്കുന്ന 39 ട്രെയിനുകളിലാണ് ഈ സൗകര്യം ആദ്യം ലഭ്യമാകുക. ഡെറാഡൂൺ-ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂ ദില്ലി -ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ - അമൃത്സർ എക്സ്‌പ്രസ് (19325) എന്നീ ട്രെയിനുകളിലുൾപ്പടെ ഈ സേവനം ലഭിക്കും. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ. ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്. 

Latest Videos

undefined

രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ഈ സേവനം ലഭ്യമാകും. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. ഇവർക്ക് റെയിൽവെ തിരിച്ചറിയൽ കാർഡും നൽകും. അടുത്ത 20 ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കും. 

ടിക്കറ്റിതര വരുമാന വർദ്ധനവിനായി സോണുകളോടും റെയിൽവെ ഡിവിഷനുകളോടും പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ റെയിൽവെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പശ്ചിമ റെയിൽവെയുടെ വെത്‌ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. പുതിയ പദ്ധതി വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർത്തുമെന്നാണ് റെയിൽവെയുടെ പ്രതീക്ഷ.  മസാജ് സേവനത്തിൽനിന്നു 20 ലക്ഷം രൂപയും അധി‌കയാത്രക്കാരി‌ലൂടെ 90 ലക്ഷവുമാണു റെയിൽവേ പ്രതിവർഷം അധി‌കവരുമാനം ലക്ഷ്യമിടുന്നത്. 

click me!