ഇഴഞ്ഞിഴഞ്ഞാണെങ്കിലും ഒടുവിൽ മാഹി - തലശേരി ബൈപ്പാസ് നിർമാണം പൂർത്തിയാകുകയാണ്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ. 45 മീറ്റർ വീതിയിൽ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്.
തലശേരി മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ദേശീയപാത ബൈപ്പാസിനായി 1977ൽ ആരംഭിച്ചതാണ് ഈ സ്വപ്‍നപാതയുടെ സ്ഥലം ഏറ്റെടുക്കൽ. ഈ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.
മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇകെകെ കമ്പനിക്കാണ് നിർമ്മാണ ചുമതല.
2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കൽ പിന്നെയും വൈകി. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടിയിരുന്നു.
പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്.
ഇഴഞ്ഞിഴഞ്ഞാണെങ്കിലും ഒടുവിൽ നിർമാണം പൂർത്തിയാകുകയാണ്. പദ്ധതിക്കായി ഏറ്റെടുത്തത് 85.52 ഏക്കർ. 45 മീറ്റർ വീതിയിൽ ആറ് വരിപ്പാതയാണ് ഒരുങ്ങിയത്. 20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരെത്താം. ആകെ നിർമാണച്ചെലവ് 1300 കോടിയാണ്. അഞ്ചര മീറ്റർ വീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുണ്ട്. ബൈപ്പാസിൽ നാല് വലിയ പാലങ്ങൾ. 21 അടിപ്പാതകൾ. ധർമടം,തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. എന്തായാലും ഇതോടെ വടക്കൻ കേരളത്തിന്‍റെ കുരുക്കുകളിലൊന്ന് തീരുകയാണെന്ന് കരുതാം.