ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾ! പണിക്കിടയിൽ മരിച്ചത് 22 പേർ; ചരിത്രമറിഞ്ഞ് അഞ്ചുരുളി ടണൽ കാണാൻ പോകാം

By Bibin Babu  |  First Published Sep 30, 2023, 8:05 PM IST

24 അടി വ്യാസത്തിലാണ് ടണൽ പൂർത്തിയാക്കിയത്. പണിക്കിടെയുണ്ടായ അപകടങ്ങളിൽ 22 പേർ മരിച്ചു. 1980-ൽ ടണൽ ഉദ്ഘാടനം ചെയ്തു. വെള്ളം കുറവുള്ളപ്പോൾ ഈ ടണലിനുള്ളിലൂടെ മറുവശത്ത് എത്തിയവർ അനവധിയുണ്ട്


ഇടുക്കി: സിനിമകളിലും സഞ്ചാരികളുടെ മനസിലും ഒരു പോലെ ഹിറ്റാണ് ഇടുക്കി അഞ്ചുരുളി ടണലും വെള്ളച്ചാട്ടവും. കിലോമീറ്ററുകൾ നീണ്ട കൽത്തുരങ്കത്തിൽ നിന്ന് ജലാശയത്തിന്‍റെ മുകളിൽ മിഴി തുറന്ന് നിൽക്കുന്ന ടണൽ മുഖം ഒന്നു കണ്ടാൽ പിന്നെ ആരും മറക്കില്ല. ഒപ്പം മഴക്കാലത്തെ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. കട്ടപ്പന- ഏലപ്പാറ റൂട്ടിൽ കക്കാട്ടുകടയിൽ നിന്ന് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇടുക്കി ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളിയിലെത്താം.

ഉരുളി കമഴ്ത്തി വെച്ചിരിക്കുന്നതു പോലെ അഞ്ച് കുന്നുകളുണ്ടിവിടെ. ഇവിടെയുണ്ടായിരുന്ന ആദിവാസികളാണ് ഈ സ്ഥലത്തിന് അഞ്ചുരുളി എന്ന് പേരിട്ടത്. നിർമാണത്തിലെ അത്ഭുതവും കാഴ്ചയിലെ അതിശയവുമാണ് അഞ്ചുരുളി ടണൽ മുഖത്തേക്ക് ആരെയും ആകർഷിക്കുന്നത്. 1974ൽ കോലഞ്ചേരിക്കാരൻ പൈലിപ്പിള്ളയാണ് ടണലിന്‍റെ പണികൾ തുടങ്ങിയത്. ഒരേ സമയം രണ്ട് വശത്തു നിന്നും പാറ തുരന്നായിരുന്നു നിർമ്മാണം. കല്യാണത്തണ്ട് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നുത്.

Latest Videos

undefined

24 അടി വ്യാസത്തിലാണ് ടണൽ പൂർത്തിയാക്കിയത്. പണിക്കിടെയുണ്ടായ അപകടങ്ങളിൽ 22 പേർ മരിച്ചു. 1980-ൽ ടണൽ ഉദ്ഘാടനം ചെയ്തു. വെള്ളം കുറവുള്ളപ്പോൾ ഈ ടണലിനുള്ളിലൂടെ മറുവശത്ത് എത്തിയവർ അനവധിയുണ്ട്. പക്ഷേ ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം കിലോമീറ്ററുകൾ പതഞ്ഞൊഴുകി ടണൽ മുഖത്ത് നിന്നും ജലാശത്തിലേയ്ക്ക് പതിക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളുടെ കൺ കുളിർപ്പിക്കുന്നതാണ്. മഴക്കാലത്ത് ഒഴുക്ക് ശക്തമാകുന്നതോടെ 50 അടിയിലേറെ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം കൂടുതൽ ആകർഷകമാകും.

കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ അഞ്ചുരുളിയിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. അവധി ദിനങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളിവിടേക്കെത്തുന്നുണ്ട്. വിവിധ വകുപ്പകൾ തമ്മിലുള്ള തർക്കം മൂലം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനാകുന്നില്ല. വർഷങ്ങൾക്ക് മുമ്പ് എത്തിച്ച ബോട്ട് ഇപ്പോഴും കരയിൽ വിശ്രമിക്കുകയാണ്. കൂടുതൽ സഞ്ചാരികളെ ഇവിടേക്കെത്തിക്കാൻ വിവിധ വകുപ്പകളുടെ സഹായത്തോടെ പദ്ധതികളുമായി മുന്നോട്ടു പോകാനാണ് കാഞ്ചിയാർ പഞ്ചായത്തിന്‍റെ തീരുമാനം. 

ചെറിയ ഇളവല്ല! 10 മണിക്ക് ശേഷം ടിക്കറ്റെടുക്കൂ, 50 ശതമാനം ഡിസ്ക്കൗണ്ട് സ്വന്തമാക്കാം; വമ്പൻ ഓഫറുമായി മെട്രോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!