കേരളത്തിന്‍റെ സ്വപ്ന കുതിപ്പ് ലക്ഷ്യം, ആറ് വരി ദേശീയ പാത 2025ൽ, ഒപ്പം മിഷൻ 2030; വരുന്നത് അടിമുടി മാറ്റങ്ങൾ

By Web Team  |  First Published Nov 16, 2023, 6:01 PM IST

സംസ്ഥാനത്തിന്‍റെ ടൂറിസം വിഭവശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി സ്വകാര്യനിക്ഷേപം വലിയ തോതില്‍ ആകര്‍ഷിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ജിഡിപിയില്‍ നല്‍കുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷന്‍ 2030 പദ്ധതി രേഖ അവതരിപ്പിക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിശദമായ പദ്ധതി രേഖ അടുത്ത വര്‍ഷമാദ്യം പ്രകാശനം ചെയ്യും. കേരള ടൂറിസം സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ ടൂറിസം വിഭവശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി സ്വകാര്യനിക്ഷേപം വലിയ തോതില്‍ ആകര്‍ഷിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ ടൂറിസം സാധ്യതകള്‍ സര്‍ക്കാര്‍ കണ്ടെത്തി സ്വകാര്യ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമായി തുറന്ന് നല്‍കുകയുമാണ് ചെയ്യുന്നത്. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്ത ടൂറിസം എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വേണം പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഇതിനെല്ലാം ഉപരിയായി പൊതു സ്വകാര്യ പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതിന് സമഗ്രമായ പിന്തുണ, സബ് സിഡി, ധനസഹായം എന്നിവ സര്‍ക്കാര്‍ ഉറപ്പു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റിലെ നിര്‍ദ്ദേശങ്ങളില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിന് ടൂറിസം വകുപ്പില്‍ ഫെസിലറ്റേഷന്‍ സെന്‍റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Latest Videos

കാസര്‍കോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള ആറുവരി ദേശീയപാത 2025ല്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള തീരദേശ പാതയും പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. ഇതോടെ ഓരോ അമ്പത് കി.മി ഇടവിട്ട് ടൂറിസം കേന്ദ്രങ്ങളുള്ള പ്രകൃതി മനോഹരമായ തീരദേശ റോഡ് ഇതോടെ സംസ്ഥാനത്തുണ്ടാകും. രാജ്യത്തെ തന്നെ ഏറ്റവും ദൃശ്യമനോഹരമായ മലയോര ഹൈവേ പൂര്‍ത്തീകരണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇത്തരം അടിസ്ഥാന സൗകര്യവികസനത്തിന്‍റെ പ്രധാന ഗുണഭോക്താക്കള്‍ ടൂറിസം മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അടിമുടി മാറ്റത്തിന് ടൂറിസം മേഖല തയ്യാറെടുക്കണം. വര്‍ഷം മുഴുവന്‍ ഏതു സീസണിലും സന്ദര്‍ശിക്കാവുന്ന പ്രദേശമായി കേരളത്തെ ലോകവിപണിയ്ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ടൂറിസം സംരംഭങ്ങള്‍ക്ക് അനുമതി, ലൈസന്‍സ് എന്നിവയ്ക്കായി ഏകജാലക സംവിധാനവും ഉടന്‍ നടപ്പാക്കും. നിയമപരമായ തടസ്സങ്ങളില്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസം ലോകത്തിന് തന്നെ പഠന വിഷയമായിരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം ലോകത്തിന് മാതൃകയായി. ടൂറിസംസംരംഭങ്ങള്‍ എങ്ങിനെ പ്രാദേശിക വികസനത്തിന് കാരണമാകുമെന്ന് ഉത്തരവാദിത്ത ടൂറിസം കാട്ടിത്തന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ടൂറിസം മന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് ടൂറിസം നിക്ഷേപക സംഗമത്തിന് ഇടയാക്കിയതെന്ന് ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. നിക്ഷേപം നടത്താനുള്ള ഏറ്റവും പറ്റിയ മേഖലയായി ടൂറിസത്തെ രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇതിലൂട കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച വ്യവസായ പ്രമുഖര്‍ നിക്ഷേപക സംഗമത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളത്തില്‍ നിക്ഷേപനനുയോജ്യമായ അന്തരീക്ഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. കേരളത്തില്‍ നിക്ഷേപത്തിന് തടസ്സങ്ങളില്ലെന്ന് കല്യാണ്‍ സില്‍ക്ക്സ് ചെയര്‍മാനും എംഡിയുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. ടൂറിസം പദ്ധതികളില്‍ കേരളം ഹരിതമാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രശംസനീയമാണെന്ന് ഇന്‍ഫോസിസ് മുന്‍ സിഇഒ എസ് ഡി ഷിബുലാല്‍ ചൂണ്ടിക്കാട്ടി. സംരംഭങ്ങള്‍ തുടങ്ങുന്നതിലെ അനുമതി എളുപ്പം ലഭിക്കുന്നുണ്ടെന്നത് എടുത്തു പറയേണ്ടതാണെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അഭിപ്രായപ്പെട്ടു. പുതിയ ടൂറിസം ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

നിലവില്‍ കേരളത്തിന്‍റെ ടൂറിസം വിഭവശേഷി അഞ്ച് ശതമാനം മാത്രമാണ്  ഉപയോഗപ്പെടുത്തുന്നുള്ളൂവെന്ന് ടൂറിസം-പൊതുമരാമത്ത് സെക്രട്ടറി കെ ബിജു പറഞ്ഞു. ഇത് ഗണ്യമായി വര്‍ധിപ്പിക്കുന്നതിനാണ് നിക്ഷേപകസംഗമം നടത്തുന്നത്.   ധനനിക്ഷേപം പോലെ തന്നെ പ്രധാനമാണ് ആശയനിക്ഷേപവും. മികച്ച ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അത് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനും അവസരമൊരുക്കും. നിക്ഷേപകര്‍ക്ക് പ്രാദേശിക സംരംഭകരുമായി ബന്ധപ്പെടാനുള്ള സൗകര്യവും കേരള ടൂറിസം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസം ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍,  കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്(കെടിഐഎല്‍) ചെയര്‍മാന്‍ എസ് കെ സജീഷ്, എംഡി മനോജ് കുമാര്‍ കെ  തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു 'കളി' പറഞ്ഞതാ, കാര്യമായി! ഒന്നര മണിക്കൂർ വിമാനവും വൈകിച്ചു, ദമ്പതികളെ പൊലീസും പൊക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!