ദി ന്യൂയോര്‍ക്ക് ടൈംസിന്‍റെ സഞ്ചാര പട്ടിക; 2023-ൽ കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളില്‍ കേരളത്തിന് 13 -ാം സ്ഥാനം

By Web Team  |  First Published Jan 13, 2023, 4:24 PM IST

ന്യൂയോര്‍ക് ടൈംസിന്‍റെ തെരഞ്ഞെടുപ്പോടെ കേരളം വീണ്ടും ലോക സഞ്ചാര ഭൂപടത്തില്‍ സാന്നിധ്യമറിയിക്കുകയാണ്.  


രിടവേളയ്ക്ക് ശേഷം ലോകം വീണ്ടും സജീവമാവുകയാണ്. യാത്രകളും ആഘോഷങ്ങളും ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. പുതിയ കാലത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഏതെക്കെയെന്ന് വിശദമാക്കിക്കൊണ്ട് യാത്രാ വെബ്സൈറ്റുകളും രംഗത്തെത്തി. ലണ്ടന്‍, ജപ്പാനിലെ മോറിയോക്ക, അമേരിക്കയിലെ നവാജോ ട്രൈബൽ പാർക്ക്, സ്കോട്ട്ലാന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസ്‍ലാന്‍റിലെ ഓക്ക്ലാൻഡ്, കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സ്, ഓസ്ട്രേലിയയിലെ കംഗാരു ദ്വീപ് എന്നിങ്ങനെ ലോകത്ത് ഈ വര്‍ഷം കണ്ടിരിക്കേണ്ട 53 സ്ഥലങ്ങളുടെ പട്ടിക ദി ന്യൂയോര്‍ക്ക് ടൈംസും പ്രസിദ്ധീകരിച്ചു. ഇതില്‍ ഭൂട്ടാന് പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് കേരളവും ഇടം പിടിച്ചു. 

മൂന്നാര്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് കടന്ന വാര്‍ത്തകളിലൂടെയാണ് കേരളത്തിലെ സഞ്ചാര ലോകം കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കടന്ന് പോകുന്നത്. അതിശൈത്യത്തിലേക്ക് കടന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചു. ഇതിനിടെയാണ് ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ന്യൂയോര്‍ക് ടൈംസ് കേരളത്തെ തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം. 

Latest Videos

കൂടുതല്‍ വായനയ്ക്ക്:  മൂന്നാം ദിവസവും മൂന്നാറില്‍ മഞ്ഞ് വീഴ്ച; സഞ്ചാരികളുടെ ഒഴുക്ക്

കമ്മ്യൂണിറ്റി ടൂറിസത്തിന് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലം കേരളമാണെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് വിദശീകരിക്കുന്നു. സംസ്കാരങ്ങളിലേക്കുള്ള യാത്രകളില്‍ ഒഴിച്ച് കൂടാനാകാത്ത ഒരിടമാണ് കേരളമെന്നും വെബ് സൈറ്റ് ചൂണ്ടിക്കാണിക്കുന്നു. അമ്പലത്തില്‍ സന്ധ്യാ സമയത്തുള്ള ദീപാരാധനയ്ക്ക് വിളക്ക് തെളിക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ച് പ്രത്യേക പരാമര്‍ശവും നടത്തുന്നു. അതോടൊപ്പം സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളുള്ള  ദക്ഷിണേന്ത്യൻ സംസ്ഥാനത്ത്  ബീച്ചുകൾ, കായൽ തടാകങ്ങൾ, പാചകരീതികൾ എന്നിങ്ങനെ കേരളത്തില്‍ കണേണ്ട, അനുഭവിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള സൂചനയും വെബ്സൈറ്റ് തങ്ങളുടെ ചെറു കുറിപ്പില്‍ നല്‍കുന്നുണ്ട്. 

കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക ഗ്രാമജീവിതം ആസ്വദിക്കാൻ സര്‍ക്കാര്‍ പ്രത്യേക സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും വെബ് സൈറ്റ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായും സന്ദര്‍ശകര്‍ക്ക് കനാല്‍ യാത്രയും കയര്‍ നെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുന്ന കുമരകത്തെ കുറിച്ചും പരമ്പരാഗതമായ ക്ഷേത്രനൃത്തവും ഗ്രാമീണ തെരുവ് കലാസ്വാദനത്തിനും പറ്റിയ മറവന്‍തുരുത്തിനെ കുറിച്ചും സൂചനയുണ്ട്.  ന്യൂയോര്‍ക് ടൈംസിന്‍റെ തെരഞ്ഞെടുപ്പോടെ കേരളം വീണ്ടും ലോക സഞ്ചാര ഭൂപടത്തില്‍ സാന്നിധ്യമറിയിക്കുകയാണ്.  

 


 

click me!