ഐആര്‍സിടിസിയുടെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനാണ് ആഡംബരം കൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നത്
തീര്‍ഥാടന വിനോദസഞ്ചാരത്തിന്‍റെ സാധ്യതകള്‍ നിരവധിയാണ്. സഞ്ചാരികളുടെ കുത്തൊഴുക്കാണ് ഈ മേഖലയില്‍. ഇത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ റെയില്‍വേയും ഐആര്‍സിടിസിയും പുതിയ സര്‍വ്വീസുകളുമായി എത്തിയത് അടുത്തകാലത്താണ്. രാമായണത്തില്‍ പ്രതിപാദിക്കുന്ന പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന രാമായണ എക്സ്പ്രസ്, സിഖ് തീര്‍ത്ഥാടകരെ ഗുരുദ്വാരകളിലേക്കെത്തിക്കുന്ന പഞ്ച് തഖ്‍ത് എക്‌സ്പ്രസ് തുടങ്ങിയവയ്ക്കൊപ്പം ബുദ്ധ- ഹിന്ദു -ജൈന വിശ്വാസികളുടെ ഈറ്റില്ലമായ ബിഹാറിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ബിഹാറിലൂടെയുള്ള ഐആര്‍സിടിസിയുടെ ഈ പാക്കേജിന്‍റെ പേര് ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് എന്നാണ്. ആഡംബരം കൊണ്ടാണ് ഈ ട്രെയിന്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നത്. ബോധ്ഗയ, നളന്ദ, വാരാണസി തുടങ്ങി ഇന്ത്യയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള എട്ടു ദിവസത്തെ ആഢംബര യാത്രയാണ് ഐആര്‍സിടിസി ഒരുക്കുന്നത്.
ഇന്ത്യയിലെയും നേപ്പാള്‍ അതിര്‍ത്തിയിലെയും ബുദ്ധമത കേന്ദ്രങ്ങളിലെ മനോഹരമായ കാഴ്ചകള്‍ക്കിടയിലൂടെ കടന്നുപോകുന്ന സര്‍വ്വീസാണിത്. ബീഹാര്‍ ഗ്രാമങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ ഈ യാത്ര സമ്മാനിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ് ഈ സര്‍വ്വീസിന് റെയില്‍വേ ഉപയോഗിക്കുന്നത്. ട്രെയിനിലെ ഏറ്റവും പുതിയ കോച്ചുകള്‍ സഞ്ചാരികള്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നു. നാല് ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളും രണ്ട് സെക്കന്‍ഡ് ക്ലാസ് ഏസി കോച്ചുകളും രണ്ട് പവര്‍ കാറുകളും ജീവനക്കാര്‍ക്ക് മാത്രമായി ഒരു തേഡ് ഏസി കോച്ചും പാന്‍ട്രി കാറുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ ആഡംബര ട്രെയിന്‍. ശീതീകരിച്ച റെസ്റ്ററന്‍റുകളും ചമുര്‍ചിത്രങ്ങള്‍ പൊതിഞ്ഞ ബോഗികളും അള്‍ട്രാ-മോഡുലാര്‍ കിച്ചനുമൊക്കെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പാക്കേജ് ട്രെയിനിനെ ആകര്‍ഷകമാക്കുന്നു.
യാത്രക്കിടെ ആഢംബര ഹോട്ടലുകളിലെ താമസവും സ്ഥല സന്ദര്‍ശനത്തിനായി എസി ബസുകളുമൊക്കെ പാക്കേജിന്‍റെ ഭാഗമാണ്. സ്‍മാരകങ്ങളെയും ചരിത്ര രേഖകളെയും സംബന്ധിച്ച മാര്‍ഗദര്‍ശനം, രാജകീയ ഭക്ഷണം തുടങ്ങിയവയും പാക്കേജിലുണ്ട്.
ഒരു ദിവസം സഞ്ചരിക്കാന്‍ ഫസ്റ്റ് ക്ലാസ് ഏസിക്ക് ഏകദേശം 12000 രൂപയും ഏഴ് ദിവസത്തേക്ക് ഏകദേശം 83000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സെക്കന്‍ഡ് ക്ലാസ് ഏസിയിലാണെങ്കില്‍ യഥാക്രമം 9,620രൂപ, 67,310 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇപ്പോള്‍ ഈ പാക്കേജില്‍ മികച്ച ഓഫറുകളും യാത്രികര്‍ക്കായി ഐആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.