ശ്രീനഗർ, ഗുൽമാർഗ്, സോനമാർഗ്, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്നതാണ് പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
കശ്മീരിലേക്ക് കിടിലന്‍ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. ശ്രീനഗർ, ഗുൽമാർഗ്, സോനമാർഗ്, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്നതാണ് പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഇവിടെനിന്ന് ശ്രീനഗറിലേക്ക് വിമാനത്തിൽ പോകും. സെപ്റ്റംബർ 25, 26 ദിവസങ്ങളിലാണ് യാത്ര ആരംഭിക്കുക. ശ്രീനഗറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം ദാൽ തടാകത്തിൽ സ്വന്തം ചെലവിൽ ശിക്കാര റൈഡ് ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്.
രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹൽഗാമിലേക്കാണ് യാത്ര. വഴിയിൽ ബെറ്റാബ് താഴ്വര, അവന്തിപു, ചന്ദൻവാടി, അരുവാലി തുടങ്ങിവ സന്ദർശിക്കും. രാത്രി പഹൽഗാമിലാണ് താമസം. മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുൽമാർഗിലേക്ക് വരും. സ്വന്തം ചെലവിൽ ഗൊണ്ടോള റൈഡ് അടക്കമുള്ള ഗുൽമാർഗിന്‍റെ പ്രാദേശിക കാഴ്ചകൾ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും.
നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാർഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക് കുതിര സവാരി ചെയ്യാം. അന്ന് രാത്രി ശ്രീനഗറിൽ മടങ്ങിയെത്തും. അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്‍ചകൾ കാണാം. പ്രഭാതഭക്ഷണശേഷം മുഗൾ ഗാർഡൻസ്, നിഷാത് ബാഗ്, ഷാലിമാർ ഗാർഡൻസ് എന്നിവ സന്ദർശിക്കും. തുടർന്ന് ദാൽ തടാകത്തിന്‍റെ തീരത്തുള്ള പ്രശസ്‍തമായ ഹസ്രത്ബാൽ മസ്ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന് സമയം ചെലവഴിക്കാം.
ആറാം ദിനം സഞ്ചാരികൾക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാം. വൈകീട്ട് 5.35നാണ് മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ് പാക്കേജിന്‍റെ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona