സമരം എങ്ങനെയെങ്കിലും നിര്‍ത്തണം, ഗതികെട്ട് ബസുടമകള്‍!

By Web Team  |  First Published Jun 29, 2019, 2:32 PM IST

സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം തേടി സ്വകാര്യ ബസുടമകള്‍. നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നല്‍കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍


തിരുവനന്തപുരം: കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സമരത്തിലാണ്. കല്ലട ബസിലെ യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് ബസുകളിലെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‍സിനെതിരെയാണ് ബസുടമകളുടെ സമരം. എന്നാല്‍ സമരം പൊളിഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

സമരത്തില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്മാറുകയാണെന്നാണ് സൂചന. കഴിഞ്ഞദിവസങ്ങളില്‍ പല ബസ് കമ്പനികളും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ വച്ച് കല്ലട ഉള്‍പ്പെടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് പറയുന്നത്. 

Latest Videos

അതിനിടെ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകള്‍ തേടുന്നുണ്ടെന്നും ഇതിനായി തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. 

കെഎസ്ആര്‍ടിസിയുടെയും ഗതാഗതവകുപ്പിന്‍റെയും കര്‍ശന ഇടപെടലുകളാണ് ബസുടമകള്‍ക്ക് പാരയായത്. വാരാന്ത്യത്തിലെ തിരക്കിലെ യാത്രികരുടെ ബുദ്ധിമുട്ട് ലക്ഷ്യമിട്ടായിരുന്നു ബസുടമകളുടെ സമരപ്രഖ്യാപനം. എന്നാല്‍ ബംഗളൂരുവിലേയ്ക്ക് നിലവിലുള്ള 49 സര്‍വീസുകള്‍ക്കു പുറമേ 15 സര്‍വീസുകള്‍ കൂടി നടത്തി കെഎസ്ആര്‍ടിസി ഈ വെല്ലുവിളി അതിജീവിച്ചു. കേരള ആര്‍ടിസി ബംഗളൂരുവില്‍ നിന്ന് 24ഉം കര്‍ണാടക ആര്‍ടിസി 29ഉം സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തി. 

തിരക്ക‌് കൂടുതലുള്ള വെള്ളിയാഴ‌്ചയും ശനിയാഴ‌്ചയും കൊച്ചുവേളിയിൽനിന്ന‌് കൃഷ‌്ണരാജപുരത്തേക്ക‌് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതും സഹായകമായി. യാത്രക്കാർ ഏറെയുള്ള ബംഗളൂരുവിൽ കെഎസ‌്ആർടിസി 2‌,600 സീറ്റും കർണ്ണാടക ആർടിസി 2,500 സീറ്റും ഒരുക്കി. ഇതിനുപുറമെ ശനിയാഴ‌്ച മുതൽ തിങ്കളാഴ്ച വരെ ബംഗളൂരുവിൽനിന്നും സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽനിന്ന‌് തിരിച്ചും പ്രത്യേക അധിക വാരാന്ത്യ, വാരാദ്യ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സർവീസ‌് നടത്താന്‍ അഞ്ച‌് ബസുകൾ ജീവനക്കാർ സഹിതം ബംഗളൂരുവിൽ സജ്ജമാക്കിയിട്ടുമുണ്ട‌്. 

അതേസമയം, സ്വകാര്യ ബസ് സമരം ആരംഭിച്ചതിനു ശേഷം കെഎസ്ആര്‍ടിസി വന്‍ ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചതിന് ശേഷം ഇത് 2500ല്‍ കവിഞ്ഞു.

കഴിഞ്ഞ ആഴ്ചയിലെ വരുമാനവുമായി താരതമ്യം ചെയ്താൽ കെഎസ്ആർടിസിക്ക് പ്രതിദിനം ഒമ്പത് ലക്ഷം രൂപയുടെ അധിക വരുമാനമാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഈ വ്യാഴാഴ്ചവരെ 45 ലക്ഷം രൂപയോളം കെഎസ്ആര്‍ടിസിക്ക് അധികമായി ലഭിച്ചതും ഉടമകളെ ഞെട്ടിച്ചിരിക്കുകയാണ്. 

click me!