അതും യാത്രികന്‍റെ നെഞ്ചത്ത്, പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍!

By Web Team  |  First Published Jun 22, 2019, 9:43 AM IST

പിഴ ചുമത്തിയതിന്‍റെ പ്രതികാരം പാവം യാത്രക്കാരുടെ മേൽ അടിച്ചേല്‍പ്പിച്ച് അന്തര്‍സംസ്ഥാന ബസുടമകള്‍


തിരുവനന്തപുരം: സുരേഷ് കല്ലട ബസിലെ യാത്രകരെ ജീവനക്കാർ ബസിനുള്ളിൽ വച്ച് ക്രൂരമായി മർദിച്ച സംഭവത്തിനു പിന്നാലെയാണ് മോട്ടോർവാഹനവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന ആരംഭിച്ചത്.

അന്തര്‍സംസ്ഥാന ബസുകളുടെ നിരവധി നിയമലംഘനങ്ങളാണ് ഈ പരിശോധനകളിലൂടെ കണ്ടെത്തിയത്. പിഴയടപ്പിച്ചും ബസുകള്‍ പിടിച്ചെടുത്തുമൊക്കെ നടപടികള്‍ പുരോഗമിക്കുന്നു. 
എന്നാല്‍ ഈ പിഴ ചുമത്തിയതിന്‍റെ ദേഷ്യം കൂടി പാവം യാത്രക്കാരുടെ മേൽ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് അന്തര്‍സംസ്ഥാന ബസുടമകള്‍. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയാണ് ബസുടമകളുടെ പ്രതികാരം. 

Latest Videos

undefined

കല്ലട ബസിലെ അക്രമത്തിനു ശേഷം എല്ലാ റൂട്ടുകളിലെയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചെന്ന് യാത്രികര്‍ പറയുന്നു. സംഭവത്തിനു മുമ്പ് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1260 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോഴിത്1470 ആയി ഉയർത്തി. 200 മുതൽ 300 രൂപയുടെ വർധനയാണ് ടിക്കറ്റുകളിലുണ്ടായത്. 

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് 1050 രൂപ മുതൽ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് 1320 രൂപ ആക്കി. സംസ്ഥാനത്തിനകത്തുള്ള സർവീസുകളിൽ ഒരു സീറ്റിന് 50 രൂപയെന്ന നിരക്കിൽ വർധനയുണ്ടായി. കണ്ണൂരിലേക്ക് 700 രൂപയായിരുന്നത് ഇപ്പോൾ 750 രൂപയാണ്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് 580ൽ നിന്ന് 630 ആയി കൂട്ടി. 

നിയമലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമത്തിയ പിഴത്തുക യാത്രക്കാരിൽ നിന്നു തന്നെ ഈടാക്കാനാണ് ബസ് ഉടമകളുടെ നീക്കമെന്നാണ് യാത്രികര്‍ പറയുന്നത്. ബസുടമകളുടെ സംഘടനകൾ ഇടപെട്ടു നിരക്ക് ഏകീകരിച്ചതും ഇതിനുവേണ്ടിയാണെന്നാണ് ആരോപണം. 

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് വഴി ഇതു വരെ മൂന്നരക്കോടിയോളം രൂപ പിഴ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന ഇപ്പോഴും തുടരുകയുമാണ്.

click me!