യാത്രികരില്ല, നഷ്‍ടം 35000 കോടി; ചരക്ക് നീക്കി നികത്താന്‍ റെയില്‍വേ

By Web Team  |  First Published Jul 30, 2020, 4:24 PM IST

യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ ഇന്ത്യന്‍ റെയിൽവേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്‍ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്


കൊവിഡ് 19 വ്യാപനവും ലോക്ക് ഡൌണും തുടർന്നുള്ള ട്രെയിൻ റദ്ദാക്കലുകളും കാരണം യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിൽ 2021 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയിൽവേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്‍ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.  യാത്രാക്കൂലി വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 50,000 കോടി രൂപയായിരുന്നുവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

മഹാമാരിയെത്തുടർന്ന് ട്രെയിൻ യാത്രകൾ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ 230 പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. റെയിൽ‌വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളിൽ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനം കൊണ്ടു നികത്താൻ ശ്രമിക്കുകയാണു റെയിൽവേ. ചരക്കു നീക്കം കഴിഞ്ഞ വർഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്. 

Latest Videos

undefined

കൊവിഡ് -19 കേസുകളുടെ ദ്രുതഗതിയിലുള്ള വർധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൌണും കൂടുതൽ ട്രെയിനുകളുടെ സർവ്വീസുകൾ നിർത്തിവയ്ക്കാൻ റെയിൽവേയെ നിർബന്ധിതരാക്കി. പാസഞ്ചർ വിഭാഗം നിലവിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ല. 230 ട്രെയിനുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലും പൂർണ്ണമായും യാത്രക്കാർ ഉൾക്കൊള്ളുന്നില്ല. 75% പേർ മാത്രമാണ് യാത്ര ചെയ്യുന്നത്.

230 സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ ഓടിക്കുന്നത്. ഇതിൽ വിരലില്‍ എണ്ണാവുന്നവ ഒഴിച്ച് ബാക്കിയുള്ളതിൽ കഷ്ടിച്ച് 75% ആണ് യാത്രക്കാരുളളത്. ഈ സാമ്പത്തിക വർഷം റെയിൽ‌വേയുടെ ചരക്ക് വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം ഉയരുമെന്നും യാദവ് പറയുന്നു. എന്നാൽ പാസഞ്ചർ വിഭാഗ വരുമാനം 10-15% മാത്രമായിരിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. അതായത് 35000ത്തിനും 40000 കോടിക്കും ഇടയിൽ നഷ്ടമുണ്ടാകും. റെയിൽവേ 2020-21 കാലയളവിൽ ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം 1.47 ട്രില്യൺ രൂപയായിരിക്കും. പാസഞ്ചർ വരുമാനം 61,000 കോടി രൂപയായി ഉയരുമെന്നാണ് ബജറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.  ചരക്കു നീക്കം കഴിഞ്ഞ വർഷം ഇതേ സമയം 3.12 മില്യൺ ടണ്ണായിരുന്നത് 0.3% ഉയർന്ന് 3.13 മില്യൺ ടണ്ണായിട്ടുണ്ട്.

റെയിൽവേ ഏർപ്പെടുത്താനുദ്ദേശിക്കുന്ന സീറോ ബേസ്ഡ് ടൈം ടേബിൾ വരുന്നതോടെ ചരക്കു നീക്കം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ചരക്കുനീക്കം 50% വർധിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. ഇളവുകളും ആനുകൂല്യങ്ങളും കഴിഞ്ഞ വർഷം മുതൽ നൽകുന്നുണ്ട്. കൊണ്ടു പോകുന്നതിൽ ഏറെയും ഭക്ഷ്യ ധാന്യങ്ങളാണ്. ഈ വർഷം ഗുഡ്സ് ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 46.16 കിലോമീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ സമയം 22.52 കിലോമീറ്റർ ആയിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവ്. 

click me!