പോക്കറ്റ് കീറാതെ വയനാട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കാം, മികച്ച സൗകര്യങ്ങളുമായി സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങൾ

By Vijayan Tirur  |  First Published Oct 12, 2023, 8:07 AM IST

വിനോദ സഞ്ചാര സീസണില്‍ പലപ്പോഴും സ്വകാര്യ താമസയിടങ്ങള്‍ക്ക് തോന്നുന്നത് പോലെയുള്ള റേറ്റ് ഈടാക്കുന്നുവെന്ന പരാതി നിരന്തരം ജില്ലയില്‍ നിന്ന് കേള്‍ക്കാറുണ്ട്. ഇതിനിടയിലാണ് മികച്ച സൗകര്യങ്ങളുമായി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങൾ


സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലേക്ക് വിനോദ സഞ്ചാരികളായി ഒറ്റക്കും കുടുംബമായും എത്തുന്ന സാധാരണക്കാരുടെ എപ്പോഴത്തെയും പ്രശ്നമായിരുന്നു തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതും സൗകര്യങ്ങളോടെയുമുള്ള താമസ സൗകര്യമെന്നത്. വിനോദ സഞ്ചാര സീസണില്‍ പലപ്പോഴും സ്വകാര്യ താമസയിടങ്ങള്‍ക്ക് തോന്നുന്നത് പോലെയുള്ള റേറ്റ് ഈടാക്കുന്നുവെന്ന പരാതി നിരന്തരം ജില്ലയില്‍ നിന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തുന്നതാണ് സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച വിശ്രമ മന്ദിരങ്ങള്‍.

സാധാരണക്കാര്‍ക്ക് തങ്ങാന്‍ വൃത്തിയും സുരക്ഷിതത്വവമുള്ള താമസയിടങ്ങള്‍ തന്നെയാണ് പൊതുമരാമത്ത് വകുപ്പ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഓരോ വിശ്രമ മന്ദിരങ്ങളിലെത്തുമ്പോഴും മനസിലാകും. വയനാട്ടില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഏഴ് റസ്റ്റ് ഹൗസുകളാണ് ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ബത്തേരിയിലെ റസ്റ്റ് ഹൗസ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മികച്ച താമസ സൗകര്യമായിരിക്കും നല്‍കുക. നഗരത്തില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തായാണ് വി.ഐ.പി സ്യൂട്ടുകളോട് കൂടിയ അതിഥി മന്ദിരമുള്ളത്.

Latest Videos

undefined

വി.ഐ.പികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള മുറികള്‍ക്ക് പുറമെ സാധാരണ ബഡ്ജറ്റില്‍ തങ്ങാനുള്ള സൗകര്യങ്ങള്‍ എല്ലാമുള്ള മുറികളും ഇവിടെയുണ്ട്. 3.8 കോടി രൂപ ചിലവഴിച്ചുള്ളതാണ് പുതിയ കെട്ടിടം. ക്ലാസ്-ഒന്ന്, ക്ലാസ്-രണ്ട് എന്നീ വിഭാഗങ്ങളിലാണ് പെതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

 

ഓരോ റസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളും റൂം വാടകയുമടക്കമുള്ള വിവരങ്ങള്‍ ചുവടെ.

ബത്തേരി

രണ്ടുനിലകളുള്ള കെട്ടിടത്തില്‍ ശീതകരിച്ച രണ്ട് സ്യൂട്ട് റൂമുകള്‍ ഉള്‍പ്പടെ ഒമ്പത് മുറികളാണുള്ളത്. അമ്പത് പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, പൊതുവായ ഡൈനിംഗ് ഹാള്‍, അടുക്കള, ടോയ്ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശ്രമ മന്ദിരത്തിന്റെ പുറത്തുനിന്നുള്ള കാഴ്ചയും ഭംഗിയുള്ളതാണ്. ഇപ്പോള്‍ ക്ലാസ്-രണ്ട് കാറ്റഗറിയിലാണ് മന്ദിരമുള്ളതെങ്കിലും വൈകാതെ ക്ലാസ്-ഒന്നിലേക്ക് മാറും. സാധാരണ മുറികള്‍ക്ക് രണ്ട് പേര്‍ക്ക് നാനൂറ് രൂപയാണ് ഈടാക്കുക. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള മൂന്നാമതൊരാള്‍ കൂടിയുണ്ടെങ്കില്‍ 150 രൂപ കൂടി അധികം നല്‍കണം. പരമാവധി മൂന്നുപേരെ മാത്രമെ ഒരു മുറിയില്‍ അനുവദിക്കൂ.

കല്‍പ്പറ്റ

നിലവില്‍ ജില്ലയിലെ ക്ലാസ്-ഒന്ന് കാറ്റഗറിയിലുള്ള ഏക വിശ്രമമന്ദിരമാണ് കല്‍പ്പറ്റയിലേത്. മൂന്ന് സ്യൂട്ട് റൂം, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒരു മുറി എന്നിവയടക്കം 15 മുറികളാണ് ഇവിടെയുള്ളത്. ഇതില്‍ 11 മുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

മാനന്തവാടി

ടൂറിസ്റ്റ് ബംഗ്ലാവ് (ടി.ബി), ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് (ഐ.ബി) എന്നിങ്ങനെ രണ്ട് വിശ്രമ മന്ദിരങ്ങളാണ് മാനന്തവാടിയിലുള്ളത്. നഗരസഭക്ക് എതിര്‍വശമുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ ഒരു എ.സി. മുറിയും മറ്റൊരു സാധാരണ മുറിയുമാണുള്ളത്. 750 രൂപയാണ് എ.സി. മുറിയുടെ വാടക. നോണ്‍ എ.സി മുറിക്ക് 400 രൂപയാണ് വാടക. ടൂറിസ്റ്റ് ബംഗ്ലാവില്‍ ഏഴ് മുറികള്‍ പൊതുജനങ്ങള്‍ക്ക് ബുക്ക് ചെയ്ത് ഉപയോഗിക്കാനാകും. ആകെ മുറികളുള്ളതില്‍ ഒന്ന് സ്യൂട്ട് റൂമും ഒരെണ്ണം ഉദ്യോഗസ്ഥര്‍ക്ക് മാറ്റിവെച്ചിട്ടുള്ളതുമാണ്.

കോറോം

തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് മുമ്പിലുള്ള വിശ്രമ മന്ദിരത്തില്‍ രണ്ട് സാധാരണ മുറികളാണുള്ളത്. 400 രൂപയാണ് വാടക.

വൈത്തിരി

ഇവിടുത്തെ മന്ദിരത്തില്‍ ആറ് മുറികളുണ്ട്. വൈത്തിരി പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന റസ്റ്റ് ഹൗസില്‍ നാല് മുറികളായിരിക്കും പൊതുജനങ്ങള്‍ക്ക് ബുക്ക് ചെയ്യാനാകുക. മറ്റു രണ്ടെണ്ണത്തില്‍ ഒന്ന് വി.ഐ.പി മുറിയും മറ്റൊന്ന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതുമാണ്.

മേപ്പാടി

ഇവിടെ വിപുലമായ സൗകര്യങ്ങളോടെ പുതിയ വിശ്രമ മന്ദിരത്തിന്റെ പ്രവൃത്തി നടന്നുവരികയാണ്. രണ്ടുനില കെട്ടിടം പൂര്‍ത്തിയായാല്‍ ബത്തേരിയിലെ പോലെ തന്നെ മികച്ച സൗകര്യങ്ങളായിരിക്കും മേപ്പാടിയിലും ഉണ്ടാകുക. എട്ട് മുറികളും അമ്പത് പേരെ ഉള്‍ക്കൊള്ളുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടക്കമുള്ളതായിരിക്കും പുതിയ വിശ്രമമന്ദിരം. നിലവില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ മൂന്ന് മുറികളും സാധാരണ സൗകര്യങ്ങളോടെയുള്ളതാണ്. 400 രൂപയാണ് നല്‍കേണ്ടത്. ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം കൂടിയായതിനാല്‍ വരും നാളുകളില്‍ നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുന്ന വിശ്രമ മന്ദിരം കൂടിയാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്.

നിങ്ങള്‍ സര്‍ക്കാര്‍ വിശ്രമ മന്ദിരത്തില്‍ തങ്ങാനാണ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഏത് റസ്റ്റ് ഹൗസിലാണെങ്കിലും മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. www.resthouse.pwd.kerala.gov.in എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ താമസസൗകര്യം ഉറപ്പിക്കാനാകും. സംശയദൂരീകരണത്തിനായി ബന്ധപ്പെടാനുള്ള നമ്പറുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!