കണ്ടതോ കണ്ടില്ലെന്ന് നടിച്ചതോ? വിമാനത്തിന്‍റെ ടോയിലറ്റിൽ രണ്ടുകോടിയുടെ സ്വർണം ആർക്കും വേണ്ടാതെ!

By Web Team  |  First Published Mar 6, 2024, 8:59 AM IST

കഴിഞ്ഞ ദിവസം രാവിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം കണ്ടെടുത്തത്.


തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ടോയിലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. കഴിഞ്ഞ ദിവസംരാ വിലെ 10.30-ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റിൽ നിന്നാണ് കുഴമ്പ് രൂപത്തിലാക്കിയ മൂന്നരക്കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്.

വിമാനത്തിന്റെ ഏറ്റവും പുറകിലുളള ശൗചാലയത്തിനുളളില്‍ കറുത്ത നിറത്തിലും വെളുത്ത നിറത്തിലുമുളള പേപ്പറുകള്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.  സ്വര്‍ണം പൊടിച്ചെടുത്ത് പ്രോട്ടീന്‍ പൗഡറുമായി കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest Videos

ഷാര്‍ജയില്‍നിന്ന് വരുന്ന വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) തിരുവനന്തപുരം യൂണിറ്റിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനമെത്തിയശേഷം കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റും ഡി.ആര്‍.ഐ.യും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമല്ല. രണ്ടാഴ്ച മുമ്പ് ദുബായില്‍നിന്നുള്ള വിമാനത്തിലെത്തിയ ഒരാൾ വിമാനത്താവളത്തിലെ ശൂചീകരണ തൊഴിലാളികള്‍ക്ക് ടോയിലറ്റിൽ വച്ച് ആഭരണങ്ങളും സ്വര്‍ണവും കൈമാറിയ സംഭവം പിടികൂടിയിരുന്നു. തിരുവനന്തപുരം വളളക്കടവ് സ്വദേശിയായിരുന്നു പിടിയിലായത്.  ശുചീകരണ തൊഴിലാളികളും പിടിയിലായിരുന്നു. ഇവരെ ഡി.ആര്‍.ഐ. സംഘമാണ് പിടികൂടിയത്. ഏകദേശം 1,400 ഗ്രാം തൂക്കമുളളതും 90 ലക്ഷം വിലവരുന്നതുമായ സ്വര്‍ണമാണ് അന്ന് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കസ്റ്റംസും കേസെടുത്തിരുന്നു. തുടര്‍ന്ന് സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ശൂചീകരണ തൊഴിലാളികളെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

click me!