ദീര്‍ഘ നാളുകള്‍ നീണ്ട അവധിക്കുശേഷം ഗവി വിനോദസഞ്ചാര മേഖല സഞ്ചാരികൾക്കായി വീണ്ടും തുറന്നു
നീണ്ട ലോക്ക് ഡൌണുകള്ക്കൊടുവില് ദീര്‍ഘ നാളുകള്‍ നീണ്ട അവധിക്കുശേഷം ഗവി വിനോദസഞ്ചാര മേഖല സഞ്ചാരികൾക്കായി വീണ്ടും തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഗവി ഇക്കോ ടൂറിസം വനം വകുപ്പ് തുറന്നുനൽകിയത്.
പേര് പോലെ വശ്യമാണ് ഗവിയിലെ സൗന്ദര്യം. കാടിന്റെ ശാന്തതയറിഞ്ഞ്, പറവകളുടെ പാട്ട് കേട്ട്, മൃഗങ്ങളുടെ സഞ്ചാരം കണ്ട്, അണക്കെട്ടകളിലെ ജലാശയങ്ങളുടെ വിശാലത കണ്ട്, ഒളിഞ്ഞും തെളിഞ്ഞുമെത്തുന്ന മൂടൽമഞ്ഞിന്റെ തണുപ്പേറ്റ് ഗവിയിലേക്ക് ദീർഘയാത്ര. പത്തനംതിട്ടയിലെ വനാതിർത്തിയായ ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്പോസ്റ്റ് വഴിയാണ് ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്
undefined
ഓൺലൈൻ വഴി ബുക്ക് ചെയ്ത വാഹനങ്ങളാണ് ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക്പോസ്റ്റു വഴി കടത്തിവിടുന്നത്. ഒരാൾക്ക് 60 രൂപയും വിദേശികൾക്ക് 120 രൂപയുമാണ് പ്രവേശന ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്ക് പോകാൻ അനുമതി ലഭിക്കും.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർ ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ രാവിലെ എട്ടിന് ടിക്കറ്റ് വാങ്ങി വേണം യാത്ര ആരംഭിക്കാൻ. ആങ്ങമൂഴിയിൽനിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലിൽ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നുപോകണം. കേരള വനം വികസന കോർപറേഷൻ സഞ്ചാരികൾക്ക്
സൗകര്യം ഒരുക്കുന്നുണ്ട്.
വണ്ടിപ്പെരിയാർ വഴി വരുന്നവർക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 4.30 വരെ ഗവിയിൽ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിന്റെ
സേവനം, ഗവി ഡാമിൽ ബോട്ടിങ്, സുരക്ഷിത മേഖലകളിൽ ട്രക്കിങ്, സൈക്ലിങ്, മൂടൽമഞ്ഞു പുതച്ചു കിടക്കുന്ന ചെന്താമരക്കൊക്ക, ശബരിമല വ്യൂ പോയൻറ്, ഏലത്തോട്ടം സന്ദർശനം എന്നിവയടക്കം പ്രത്യേക പാക്കേജാണ്. ഇതിൽ പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.
രാത്രികാല താമസം ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം പകൽ രണ്ടു മുതൽ പിറ്റേന്ന് രണ്ടു വരെ ഗവിയിൽ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ
വാഹനസവാരിക്കും അവസരമുണ്ട്. സുരക്ഷിതമായ ടെൻറുകളില്‍ രാത്രി വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാനും സാധിക്കും.
സീതത്തോടു പഞ്ചായത്തിൽ പെടുന്ന ഗവിയിൽ 100 കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര നവ്യാനുഭൂതി പകരും. പെരിയാർ കടുവ സങ്കേതത്തിന്റെ സംരക്ഷിത മേഖല കൂടിയാണിവിടം. ആന, കടുവ, കാട്ടുപോത്ത്, പുലി, മ്ളാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാൻ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെയും വിവിധതരം പക്ഷികളെയും കണ്ടാസ്വദിക്കാം.
ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ലിനു സമീപം കക്കാട്ടാറിൽ കുട്ടവഞ്ചി സവാരിയും ഒരുക്കിയിട്ടുണ്ട്. സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 16 കുട്ടവഞ്ചികളാണ് ഒരുക്കിയിട്ടുള്ളത്. കുട്ടവഞ്ചി സവാരിക്ക് പാസുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona