ഇന്ത്യയില്‍ നിന്നും 57 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പട്ടിക വിമാന കമ്പനികൾ ദിവസവും കൈമാറണം
ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള യാത്രക്കാരിൽ നിന്ന് 1,000 ഡോളര്‍ (94,000 രൂപ) ഫീസ് ഈടാക്കാന്‍ എല്‍ സാല്‍വദോര്‍ തീരുമാനിച്ചു. മധ്യ അമേരിക്കൻ രാജ്യത്തിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായാണ് ഈ നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിൽ നിന്നോ 57 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നോ യാത്ര ചെയ്യുന്ന ആളുകൾ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കുമെന്ന് എൽ സാൽവദോര്‍ പോർട്ട് അതോറിറ്റി വെബ്‌സൈറ്റിൽ അറിയിച്ചു. ഇങ്ങനെ സമാഹരിക്കുന്ന തുക രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കുമുള്ള പുതിയ ഫീസ് ഒക്‌ടോബർ 23 ന് പ്രാബല്യത്തിൽ വന്നു. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വർധിച്ചതിനാലാണ് ഈ ഫീസ് ചുമത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയില്‍ നിന്നും 57 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പട്ടിക വിമാന കമ്പനികൾ ദിവസവും സാൽവദോര്‍ അധികൃതര്‍ക്ക് കൈമാറാനും നിര്‍ദേശമുണ്ട്.
ഇന്ത്യക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ വേണ്ട, 7 രാജ്യങ്ങൾക്ക് ഫ്രീ...
കൊളംബിയൻ വിമാന കമ്പനിയായ അവിയാൻക, പുതിയ ഫീസ സംബന്ധിച്ച് യാത്രക്കാരക്ക് അറിയിപ്പ് നല്‍കി. പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സാൽവദോറിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നിർബന്ധിത ഫീസ് നൽകണമെന്നാണ് യാത്രക്കാരെ അറിയിച്ചത്.
അനിയന്ത്രിതമായ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ ചർച്ച ചെയ്യുന്നതിനായി എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബുകെലെ, യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോള്‍ 32 ലക്ഷം കുടിയേറ്റക്കാരെ തടഞ്ഞു. ആഫ്രിക്കയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി കുടിയേറ്റക്കാർ മധ്യ അമേരിക്ക വഴി അമേരിക്കയില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.