ഇന്ത്യൻ വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനായി മൗറീഷ്യസ് ടൂറിസം സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റിട്ടതാണ് സംഭവങ്ങളുടെ തുടക്കം.
സമാന പേരുകൾ കാരണം ധാരാളം ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇതുമൂലം ചിലരുടെ തെറ്റുകൾക്കുള്ള പഴി മറ്റുള്ളവരും കേൾക്കേണ്ടി വരാറുണ്ട്. രാജ്യങ്ങളുടെ കാര്യത്തിലും ഇത് ശരിയാണെന്ന് തോന്നുന്നു. കാരണം മൗറീഷ്യസിലും സമാനമായ ചിലത് സംഭവിച്ചു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായത് അടുത്തിടെയാണ്. മാലിദ്വീപിലെ ടൂറിസത്തെയും ഇത് സാരമായി ബാധിച്ചു. എന്നാൽ മാലിദ്വീപ് മാത്രമല്ല ഇതിന്‍റെ പ്രശ്‍നം അനുഭവിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ ഒരു ദ്വീപായ മൗറീഷ്യസാണ് ഇപ്പോൾ മാലിദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം വഷളായതിന്‍റെ ആഘാതം നേരിടുന്നത്; അതും പേരിലെ സാമ്യംകാരണം!
ഇന്ത്യൻ വിനോദസഞ്ചാരികളെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനായി മൗറീഷ്യസ് ടൂറിസം സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റിട്ടതാണ് സംഭവങ്ങളുടെ തുടക്കം.
മൗറീഷ്യസ് ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നതായിട്ടാണ് മൗറീഷ്യസ് ടൂറിസം (ഇന്ത്യ) സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ എഴുതിയത്. 2024-ൽ നമ്മുടെ ദ്വീപിന്‍റെ ഊർജ്ജം അനുഭവിക്കൂവെന്നും നിങ്ങൾക്ക് ഇവിടെ ആയിരക്കണക്കിന് സാഹസികതകൾ ചെയ്യാനുണ്ടെന്നും അതിനാൽ ഇന്ന് നിങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യുക എന്നുമായിരുന്നു മൗറീഷ്യസ് ടൂറിസം ഇന്ത്യാ വിഭാഗത്തിന്‍റെ പോസ്റ്റ്.
undefined
എന്നാൽ ഇതിന് മറുപടിയായി വന്ന തരത്തിലുള്ള കമൻ്റുകൾ ഒരു പക്ഷെ മൗറീഷ്യസ് പോലും പ്രതീക്ഷിച്ചിരിക്കില്ല. മൌറീഷ്യസ് മാലദ്വീപാണെന്നു കരുതി അടുത്തിടെ മാലദ്വീപിനെ സോഷ്യൽ മീഡിയയിൽ പഞ്ഞിക്കിട്ട് പാഠം പഠിപ്പിച്ച ഇന്ത്യക്കാർ മൗറീഷ്യസിനെതിരെയും ആഞ്ഞടിച്ചു. നിങ്ങൾ ഞങ്ങളെയും ഞങ്ങളുടെ പ്രധാനമന്ത്രിയെയും ബഹുമാനിക്കുന്നില്ലെന്നും അതിനാൽ നിങ്ങളുടെ രാജ്യത്തേക്ക് വരാൻ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും ആരോ എഴുതി. അതേ സമയം, മറ്റൊരു കമൻ്റിൽ, നമ്മുടെ സ്വന്തം നാട്ടിൽ മികച്ച ഓപ്ഷൻ കണ്ടെത്തി എന്നും ചിലർ പറഞ്ഞിട്ടുണ്ട്. ഇന്ത്യക്കാർ ഒരുപാട് റീട്വീറ്റുകളും ചെയ്‍തു. "ഞങ്ങൾ ഇപ്പോൾ നമ്മുടെ രാജ്യത്ത് തന്നെ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും ഒരു മികച്ച ഓപ്ഷൻ കണ്ടെത്തിയെന്നും മറ്റുമായിരുന്നു കമന്‍റുകൾ. ഞങ്ങൾക്ക് താൽപ്പര്യമില്ല, ദയവായി പോയി ചൈനയെ ക്ഷണിക്കൂവെന്നും മാലിദ്വീപിനെ ബഹിഷ്‍കരിക്കുന്നുവെന്നുമൊക്കെ ആളുകൾ എഴുതിവിട്ടു. ഒടുവിൽ മൗറീഷ്യസ് ടൂറിസം കമന്‍റ് സെക്ഷനിൽ ഞങ്ങൾ മൗറീഷ്യസാണ്, മാലിദ്വീപല്ലെന്ന് വ്യക്തമാക്കി എഴുതിയതോടെയാണ് ഈ പ്രതിഷേധങ്ങൾ അവസാനിച്ചത്.
അടുത്തിടെ മാലിദ്വീപും ഇന്ത്യയും തമ്മിൽ വൻ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെ മാലിദ്വീപ് ബഹിഷ്‌കരണവും സോഷ്യൽ മീഡിയയിൽ ട്രെൻഡായി. 2024 ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള പ്രശ്നങ്ങൾ ഗുരുതരമാവുന്നത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്ന് മാലദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞതോടെയാണ് ഇന്ത്യയിൽ 'ബോയ്കോട്ട് മാലദ്വീപ്' ക്യാമ്പയിനടക്കം തുടങ്ങിയത്.
സുദർശൻ സേതു റെഡി, രാജ്യത്തിന് ഏറ്റവും നീളം കൂടിയ കേബിൾ പാലം സമ്മാനിച്ച് മോദി, ചെലവ് 978 കോടി!
കൂടാതെ കഴിഞ്ഞ വർഷം നവംബറിൽ മാലിദ്വീപ് പ്രസിഡന്‍റായി മുഹമ്മദ് മുയിസു അധികാരമേറ്റതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മുയിസു, ചൈന അനുകൂല നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്. ഈ കാരണങ്ങളെല്ലാം മാലദ്വീപിൽ ഇന്ത്യക്കാരുടെ സന്ദർശനം കുറക്കാൻ കാരണമായി.