വാഹനത്തിന്‍റെ എഞ്ചിനിലാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്.
റായ്പുര്‍: ഛത്തീസ്ഖണ്ഡില്‍ വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനം കത്തി നശിച്ചു. ഒരു കുഴപ്പവുമില്ലാതിരുന്ന വാഹനം പെട്ടെന്ന് കത്തി നശിച്ചതിന്‍റെ പിന്നിലെ കാരണം തേടിയ വീട്ടുകാരോട് പൊലീസ് പറഞ്ഞു, വില്ലന്‍ എലികള്‍ തന്നെ!
ജഷ്പുര്‍ ജില്ലിയില്‍ ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീപ്പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനിലാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. വീടിന് മുമ്പിലൂടെ പോകുകയായിരുന്ന യാത്രക്കാരാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമസ്ഥനെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും നല്ല ഉറക്കത്തിലായിരുന്ന ഇയാളെ കാര്യമറിയിക്കാന്‍ സാധിച്ചില്ല. പിന്നീടാണ് കാറിന് തീപ്പിടിച്ച വിവരം ഉടമസ്ഥന്‍ അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വാഹനത്തിന്‍റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇന്‍സുലേഷന്‍ വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നുമാണ് പൊലീസിന്‍റെ നിഗമനം. അതേസമയം സ്ഥലത്ത് എലി ശല്യം വ്യാപകമാണെന്നും മറ്റ് ഉപകരണങ്ങളുടെ വയറുകളും എലികള്‍ കരണ്ടുനശിപ്പിച്ചിട്ടുണ്ടെന്നും വിഷ്ണു സഹു അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.