32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു.
ദില്ലി: സോഷ്യൽ മീഡിയയിൽ കത്തി 'ബോയ്ക്കോട്ട് മാൽഡീവ്സ്' ക്യാമ്പയിൻ. ഇന്ത്യയില്‍ നിന്ന് മാലിദ്വീപിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നവര്‍ കൂട്ടത്തോടെ ബുക്കിംഗ് റദ്ദാക്കുകയാണെന്ന് എക്സില്‍ കുറിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം സംബന്ധിച്ച് മാലിദ്വീപ് മന്ത്രിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശത്തേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്.
ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മജീദ് അഭിപ്രായപ്പെട്ടു. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ 'ബോയ്ക്കോട്ട് മാൽഡീവ്സ്' ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. അധികം വൈകാതെ ഇത് ട്രെൻഡിംഗ് ആവുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ മാലിദ്വീപ് പ്രസിഡന്‍റായി മുഹമ്മദ് മുയിസു അധികാരമേറ്റതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മുയിസു, ചൈന അനുകൂല നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെ കുറിച്ച് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം