സൈക്കിളില്‍ ഒറ്റയ്ക്ക് ഇന്ത്യന്‍ പര്യടനം: സ്ത്രീസുരക്ഷാ മുദ്രാവാക്യവുമായി ആശ മാളവ്യ തലസ്ഥാനത്ത്

By Web Team  |  First Published Dec 27, 2022, 10:21 AM IST

യാത്ര കണ്ണൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും ആശാ മാളവ്യ നേരില്‍ കണ്ടിരുന്നു. 


തിരുവനന്തപുരം: സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരത പര്യടനത്തിനിറങ്ങിയ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്‍റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു. 

യാത്ര കണ്ണൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും നേരില്‍ കണ്ടിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

Latest Videos

നവംബര്‍ ഒന്നിന് ഭോപ്പാലില്‍ നിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് ഇവര്‍ കേരളത്തിലെത്തിയത്. തമിഴ്‌നാട്, കര്‍ണാടക, ഒഡിഷ വഴി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മു ആന്‍ഡ് കശ്മീരും പിന്നിട്ട് ദില്ലയില്‍ അടുത്ത വര്‍ഷം ഓഗസ്‌റ്റോടെയാണ് യാത്ര പൂര്‍ത്തിയാക്കുക. മധ്യപ്രദേശിലെ രാജ്ഘര്‍ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആശ ദേശീയ കായിക മത്സരങ്ങളില്‍ അത്‌ലറ്റിക്‌സില്‍ മൂന്ന് തവണ നേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും മികച്ച സ്വീകരണമാണിവിടെ ലഭിച്ചതെന്നും ആശ പറഞ്ഞു.

click me!