ഇത്തരം യാത്രികനാണോ നിങ്ങള്‍? സൂക്ഷിക്കുക, അവന്‍ പിന്നാലെയുണ്ട്!

By Web Team  |  First Published Jun 14, 2019, 2:33 PM IST

അവനവനിൽ മുഴുകിയുള്ള നീണ്ട യാത്രകൾ ഏകാന്തത എന്ന പകര്‍ച്ച വ്യാധിക്ക് കാരണമാകുന്നത് എങ്ങനെ?


നമ്മുടെ തൊഴിലിന്റെ ഏറ്റവും ബോറടിപ്പിക്കുന്ന ഭാഗം ഒരു പക്ഷേ, ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയായിരിക്കും.  ജീവിതത്തിലെ വലിയൊരു ഭാഗം ട്രെയിനിലും ബസ്സിലും ഒക്കെയായി ചെലവിടേണ്ടി വരുന്നവരുണ്ട്. യുകെയിൽ, ഏഴിൽ ഒരാൾ ദിവസവും രണ്ടു മണിക്കൂറിലധികം നേരം ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കായി ചെലവിടുന്നവരാണ്.  അതിൻ ഒരു നല്ല വശമുണ്ടായിരുന്നു പണ്ടൊക്കെ. നമ്മുടെ കുടുംബം, സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ നമ്മൾ പണിതുയർത്തിയിരിക്കുന്ന ഒരു കൊക്കൂണിൽ നിന്നും പുറത്തുകടക്കാൻ ആ യാത്രകൾ നമുക്ക് ഒരു അവസരമായിരുന്നു. സാങ്കേതിക വിദ്യ ഇന്നത്തെയത്ര പുരോഗമിക്കാതിരുന അന്ന്.. ഇന്നല്ല..! 

Latest Videos

ഇന്ന് യാത്രയുടെ മടുപ്പിനെ അതിജീവിക്കാൻ, ചാർജ്ജ് തീരും വരെ, അല്ലെങ്കിൽ ഡാറ്റ തീരും വരെ നെറ്റിൽ വീഡിയോ കാണും നമ്മൾ. റോഡപകടങ്ങളുടെ, അടിപിടികളുടെ, കോമഡിഷോകളുടെ, ടിക് ടോക് വീഡിയോകളുടെ ഒക്കെ ക്ലിപ്പിങ്‌സ് ഇന്ന് കണക്കില്ലാതെ ലഭ്യമാണല്ലോ ഓൺലൈൻ. അതൊക്കെ കണ്ടുകൊണ്ട്, നമ്മൾ നമ്മുടെ സെൽഫോൺ സ്‌ക്രീനിൽ കണ്ണുറപ്പിച്ചുകൊണ്ട് ഇരിക്കും. 

തൊട്ടടുത്ത് ഇരിപ്പുണ്ടാവും നമ്മുടെ സഹയാത്രികൻ. എന്നാലും,  അയാളുമായി കണ്ണുടക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടാണ് നമ്മുടെ ഇരിപ്പ്. അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്നു പോലും പലരും ചിലപ്പോൾ ഭാവിക്കാറില്ല. 

ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്, ഇങ്ങനെ തൊട്ടുതൊട്ടിരുന്നിട്ടും പരസ്പരം സംവദിക്കാതെ മണിക്കൂറുകൾ ചെലവിടുന്നത് ഇരുവർക്കും നല്ലതല്ല എന്നാണ്. ഇങ്ങനെ നിത്യം ഒരാളെയും ഗൗനിക്കാതെ അവനവനിൽ മുഴുകിയുള്ള നീണ്ട യാത്രകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും. 

ഷിക്കാഗോ സർവകലാശാലയിലെ പ്രൊഫസർ നിക്ക് എപ്ലി ഇതുപോലെ സ്ഥിരമായി തന്റെ യൂണിവേഴ്സിറ്റിയിലേക്ക് യാത്രചെയ്യുമായിരുന്നു ട്രെയിനിൽ. തന്റെ സഹയാത്രികരിൽ ദൃശ്യമായ " ആന്റി-സോഷ്യൽ പാരഡോക്സ്" അദ്ദേഹത്തെ അതിശയിപ്പിച്ചു. എന്നും കാണുന്നവരെ എങ്ങനെയാണ് ഒരു മനുഷ്യന് 'കണ്ടില്ലെന്നു നടിക്കാൻ' സാധിക്കുന്നത്..?  ഇനി കുടുമ്മത്തുള്ളവരെക്കൊണ്ടു മാത്രമേ നമുക്ക് ഉപകാരമുള്ളൂ എന്നും, വഴിയേ പോവുന്നവരൊക്കെ അപകടക്കാരാണ് എന്നുമാണോ..? അതോ, അങ്ങനെ ആവും എന്ന് നിങ്ങൾ കരുതുന്നതാണോ..? അതുകൊണ്ടാണോ നിങ്ങൾ തീർത്തും അവഗണനയോടെ പെരുമാറുന്നത് ? അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം തിരഞ്ഞു. 

ഒടുവിൽ പ്രശ്നം പരിഹരിക്കാൻ വേണ്ടി അദ്ദേഹം ഒരു പരീക്ഷണം നടത്തി. അതിൽ അദ്ദേഹം വളണ്ടിയർ ആയി വന്നവരിൽ ചിലരോട്  എന്നുമെന്നപോലെ മിണ്ടാതെ ഉരിയാടാതെ യാത്ര ചെയ്തോളൂ എന്നും മറ്റു ചിലരോട്  ചുറ്റും ഇരിക്കുന്നവരൊക്കെ ചിരകാല പരിചിതരാണ് എന്ന മട്ടിൽ സംസാരിച്ചുകൊണ്ടിരിക്കൂ എന്നിങ്ങനെ രണ്ടു നിർദേശങ്ങൾ നൽകി.  ആ പരീക്ഷണത്തിന്റെ ഫലങ്ങൾ രസകരമായിരുന്നു. സംസാരിച്ചു കൊണ്ടിരുന്നവർക്ക് മിണ്ടാതിരുന്നവരേക്കാൾ ആഹ്ളാദം അനുഭവപ്പെട്ടു. കൂടുതൽ പോസിറ്റിവിറ്റി അവരുടെ ജീവിതത്തിൽ വന്നുകേറി. മിണ്ടാതിരുന്നവരേക്കാൾ അവർ സന്തോഷവാന്മാരായിരുന്നു. എത്ര അധികം നേരം സംസാരിച്ചുവോ അവർക്ക് അത്രയും കൂടുതൽ സന്തോഷം തോന്നി. അവരിൽ പലരും തങ്ങൾ ഉൾവലിയുന്ന പ്രകൃതക്കാരാണെന്നും, ഒറ്റയ്ക്കിരിക്കുമ്പോൾ സന്തോഷം കണ്ടെത്തുന്നവരാണെന്നും ഒക്കെ ധരിച്ചു വെച്ചിരുന്നു എന്നത് വേറെ കാര്യം.. 

എസ്സെക്‌സ് സർവ്വകലാശാലയിലെ ഡോ. ഗില്ലിയൻ സാൻഡ്‌സ്‌ട്രോമിന്റെ താത്പര്യങ്ങൾ അല്പം കൂടി പുരോഗമിച്ചതായിരുന്നു. ഒരാളുടെ സംസാരിക്കാനുള്ള സിദ്ധി, അപരിചിതരോട് സംസാരിക്കുന്നത് ശീലമാക്കിയാൽ മെച്ചപ്പെടുന്നുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന് അറിയാനുണ്ടായിരുന്നത്. ഒരാഴ്ചത്തെ പരീക്ഷണത്തിനൊടുവിൽ അവർ പങ്കെടുത്തവർക്ക് വെവ്വേറെ മിഷനുകൾ നൽകി. ക്യൂവിൽ നിൽക്കുമ്പോൾ സംസാരിക്കുക, അല്ലെങ്കിൽ ഒരു പ്രത്യേക ഹെയർസ്റ്റൈൽ ഉള്ളവരോട് മിണ്ടുക അങ്ങനങ്ങനെ.  അവരെല്ലാം പറഞ്ഞത്, സംസാരിക്കുന്നതിനു മുമ്പ് അവർക്ക് ഒട്ടും സമരിക്കാൻ താത്പര്യമില്ലായിരുന്നു, സംസാരിച്ചു തുടങ്ങിയ ശേഷമാണ് ഒരുപാട് സംഭാഷണങ്ങൾ ഏറെ രസകരമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് എന്നൊക്കെയാണ്. 

ഇന്ന്, ബിബിസി യുകെയിലെ പൊതു ഗതാഗത കമ്പനികളുമായി ചേർന്ന് കൊണ്ട് ഒരു ദിവസം നീണ്ടുനിൽക്കുന്ന ഒരു പരീക്ഷണ പ്രോജക്ട് നടത്തുന്നുണ്ട്. അതിൽ പങ്കെടുക്കുന്ന പലരോടും തങ്ങളുടെ ശങ്കയും, നിസ്സംഗതയും ഒക്കെ വെടിഞ്ഞ് തങ്ങളുടെ സഹയാത്രികരോട് സംസാരിക്കാൻ നിർദേശമുണ്ട്. അവർ ചിലപ്പോൾ 'ഇടിച്ചു കേറി മിണ്ടുന്നു' എന്ന് നിങ്ങൾക്ക് തോന്നാൻ ഇടവരുന്ന വിധത്തിൽ പോലും പെരുമാറി എന്നിരിക്കും. നിങ്ങളെ പലരും സഹായിക്കാൻ വന്നെന്നിരിക്കും. മറ്റുള്ളവർക്ക് ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുക വഴി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കാവും. പൊതു ഗതാഗതം അതിനുള്ള ഒരു അവസരമാണ്. നമ്മൾ പലപ്പോഴും പാഴാക്കിക്കളയുന്ന ഒരു അവസരം. അതേപ്പറ്റിയുള്ള പരീക്ഷണ ഡാറ്റ ശേഖരിക്കലാണ് ഈ പഠനത്തിന്റെ ലക്‌ഷ്യം. 

ഏകാന്തത എന്ന പകർച്ചവ്യാധി 

നമ്മുടെ തൊട്ടടുത്ത് വന്നിരിക്കുന്ന ഒരാളോട് നമ്മൾ എന്ത് സംസാരിക്കാനാണ്..? എന്തെങ്കിലും കുശലം ചോദിച്ചാൽ അയാൾ എന്ത് കരുതും..? അയാൾക്ക് അതിഷ്ടപ്പെടാതെ മുഖം കറുപ്പിക്കുകയോ മറുപടി തരാതെ മിണ്ടാതിരിക്കുകയോ ഒക്കെ ചെയ്‌താൽ നമുക്കുണ്ടായേക്കാവുന്ന ജാള്യത്തെ നമ്മൾ എങ്ങനെ മറികടക്കും. അപരിചിതനായ ഒരു സഹയാത്രികനോട് സംസാരിക്കുക എന്ന പ്രക്രിയയിൽ ബുദ്ധിമുട്ടുള്ള ഒരേയൊരു ഭാഗമേയുള്ളൂ. 'മിണ്ടിത്തുടങ്ങുക' എന്ന ഭാഗം. ഇപ്പോൾ അതുമാത്രമല്ല പ്രശ്നം. നമുക്കിഷ്ടം സംസാരത്തെക്കാൾ വീഡിയോ കാണലും, പുസ്തകം വഴികളും ഒക്കെയാണ്. അത്രകണ്ട് തീക്ഷ്ണമായി നമ്മൾ നമ്മുടെ പ്രൈവസിയെ അടക്കിപ്പിടിച്ചു വെക്കുകയാണ്. ആരുമായും ഒരക്ഷരം മിണ്ടാതെ. 

വഴിയിലൂടെ നടന്നു പോവുമ്പോൾ എതിരെ ഒരാൾ വരുന്നു. അയാൾ തികഞ്ഞ ഗൗരവത്തിലാണ്. നിങ്ങൾ ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചാൽ, തിരിച്ച് ആ അപരിചിതനും ചിരിക്കും. " എവിടെപ്പോവുന്നു..?" എന്ന് ചോദിച്ചാൽ സത്യം പറഞ്ഞു കൊള്ളണമെന്നില്ലെങ്കിലും ആയാലും തിരിച്ച് എന്തെങ്കിലും ഒരു കുശലം പറയും. അങ്ങനെ നിത്യവും സംഭവിക്കുമ്പോൾ നിങ്ങൾക്കിടയിൽ ഒരു പരിചയം നിലവിൽ വരും. നാളെ നിങ്ങളെ ഒരു അപകടസന്ധിയിൽ നിന്നും കരകയറ്റാൻ പോന്ന ഒരു പരിചയമാവും ചിലപ്പോൾ അത്. എന്നാൽ, നമുക്ക് അങ്ങനെ അപരിചിതനായ ഒരാളുമായി നടത്തുന്ന സംസാരം ഒരു 'അസ്വാഭാവികതയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സൂചന മര്യാദയുടെ ഭാഗമായിട്ടാണ് അത്തരത്തിലുള്ള അഭിവാദ്യങ്ങളും കുശലങ്ങളും നിലനിൽക്കുന്നതെങ്കിൽ, അങ്ങനെ എന്തെങ്കിലും ഒരു കുശലം നമ്മുടെ ഭാഗത്തുനിന്നും പുറപ്പെടുന്നത് നമ്മുടെ ഗൂഢലക്ഷ്യങ്ങളുടെ ലക്ഷണമായിട്ടാണ് ഇന്നാട്ടിൽ വ്യാഖ്യാനിക്കപ്പെടുന്നത്. അതാണ് നമ്മളെ ഒടുവിൽ ഏകാന്തതയിലേക്ക് തള്ളിവിടുന്നത്. 

ബിബിസിയുടെ പരീക്ഷണം ഇപ്രകാരമാവും. ട്രെയിനുകളിലെ ചില കമ്പാർട്ട്‌മെന്റുകൾ മിണ്ടൽ കമ്പാർട്ടുമെന്റുകളാവും. ചിലത് നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ഇരിക്കാനുള്ളതും.  മിണ്ടാൻ കമ്പാർട്ടുമെന്റുകളിൽ നിങ്ങളെ നിങ്ങളുടെ അടുത്തിരിക്കുന്നവരോട് മിണ്ടാനും ചിരിക്കാനും ഒക്കെ പ്രേരിപ്പിക്കുന്ന ചില ശബ്ദ സന്ദേശങ്ങളും സ്ക്രോളിങ്ങ് ഡിസ്പ്ളേകളും ഒക്കെ വന്നെന്നിരിക്കും. അപരിചിതരുമായി പലപ്പോഴും നമ്മൾ സംസാരിച്ചു തുടങ്ങുക വളരെ യാന്ത്രികമായിട്ടായിരിക്കും. പക്ഷേ, പലപ്പോഴും നമ്മുടെ അരികിലിരിക്കുന്ന ആളുകൾ വളരെ സരസന്മാരാവും. നമുക്കറിയാത്ത പലതും നമ്മൾ അവരിൽ നിന്നും പഠിക്കും. മിണ്ടാതിരിക്കുന്നതിലും എത്രയോ സന്തുഷ്ടരായിരിക്കും നമ്മൾ പലപ്പോഴും ഇങ്ങനെയുള്ള സംഭാഷണങ്ങൾക്കൊടുവിൽ  കൈകൊടുത്ത് പിരിയുമ്പോൾ.  

ഇത്രയും പറഞ്ഞതിന് എല്ലാവരും ഇങ്ങനെയാണ് എന്നൊരർത്ഥമില്ല. സ്ഥിരമായി ഒന്നിച്ചു യാത്രചെയ്യുന്നവർ സൗഹൃദ സംഘങ്ങൾ വരെ രൂപീകരിച്ചിട്ടുള്ള ട്രെയിനുകളുണ്ട്. സ്ഥിരംപോവുന്ന ഓരോ യാത്രക്കാരും പരസ്പരം തിരിച്ചറിയുന്ന കെഎസ്ആർടിസി ബസ്സുകളുമുണ്ട്. എന്നാലും, ഗാഡ്ജറ്റുകൾ ജീവിതങ്ങളിൽ പിടിമുറുക്കുമ്പോൾ, നേരെ മുന്നിൽ കാണുന്ന യഥാർത്ഥ ജീവിതത്തേക്കാൾ, മൊബൈൽ സ്‌ക്രീനിലൂടെ കാണുന്ന സൈബർ ജീവിതത്തിൽ മുഴുകാനുള്ള താത്പര്യം വർധിച്ചുവരുന്നതായി കാണാം. 

സ്വന്തം കാര്യം നോക്കി, അവനവന്റെ ഫോണുകളുടെ സ്‌ക്രീനുകളിൽ മുഖം പൂഴ്ത്തി, ഒരക്ഷരം മിണ്ടാതെ, തൊട്ടടുത്തിരിക്കുന്നത് ഒരു മനുഷ്യജീവിയാണെന്നു പോലും ഭവിക്കാതെ ദിവസവും നാലുമഞ്ചും മണിക്കൂറുകൾ ചെലവിടുന്നതിനേക്കാൾ എന്തുകൊണ്ടും ക്രിയാത്മകമായിരിക്കും അടുത്തിരിക്കുന്നവരോട് മിണ്ടുന്നത്, അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നത്.. അവരുടെ ജീവിതങ്ങളിൽ വളരെ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത്  ഈ സമൂഹത്തിൽ ഒരു മനുഷ്യൻ എന്ന നിലയ്ക്ക് നമ്മുടെ പ്രസക്തി വർധിപ്പിക്കുക മാത്രമേ ചെയ്യൂ..! 

click me!