അഗസ്ത്യാർകൂടത്തേക്കൊരു സ്വപ്ന സഞ്ചാരം; 44 ദിവസം അവസരം, ബുക്കിംഗ് തുടങ്ങി, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്

By Web Team  |  First Published Jan 3, 2022, 11:03 PM IST

അഗസ്ത്യാർകൂടത്തിൽ ഇക്കുറി പരമാവധി 100 പേർക്കാണ്‌ ഒരുദിവസം പ്രവേശനം. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1331 രൂപയാണ്


തിരുവനന്തപുരം: അഗസ്ത്യാർകൂടത്തേക്കൊരു സ്വപ്നയാത്ര, സഞ്ചാരികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട പാത വീണ്ടും തുറക്കുന്നു. നിത്യഹരിതവനങ്ങളാൽ സമ്പന്നമായ അഗസ്ത്യാർ കൂടം പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറ‌ഞ്ഞ് നിൽക്കുന്നതാണ്. യാത്രയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചടുത്തോളം അഗസ്ത്യാർകൂടം ഒഴിവാക്കാനാവുന്നതല്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരി അഗസ്ത്യാർകൂട യാത്രയ്ക്കുള്ള അവസരം സഞ്ചാര പ്രേമികൾക്ക് നൽകുന്ന ആവേശം ചെറുതാകില്ല. 44 ദിവസത്തേക്കാണ് ഇക്കുറി അവസരം. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രെക്കിങ്ങെന്ന് വ്യക്തമാക്കി അധികൃതർ യാത്രയ്ക്ക് വേണ്ട മാനദണ്ഡങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ട്.

അഗസ്ത്യാർകൂടത്തിൽ ഇക്കുറി പരമാവധി 100 പേർക്കാണ്‌ ഒരുദിവസം പ്രവേശനം. ഓൺലൈനായി ബുക്കിംഗ് നടത്തിവേണം യാത്രയ്ക്കുള്ള അനുമതി നേടാൻ. അക്ഷയ കേന്ദ്രങ്ങളിലക്കം ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരി ആറിന് രാവിലെ 11-ന്‌ ബുക്കിങ് ആരംഭിക്കും. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1331 രൂപയാണ്. പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
 
ബുക്കിംഗിനെക്കുറിച്ച് അറിയാം

Latest Videos

വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ serviceonline.gov.in/trekking എന്ന ഓൺലൈനായി ബുക്ക് ചെയ്ത് ടിക്കറ്റ് സ്വന്തമാക്കാം. ജനുവരി ആറിന് രാവിലെ 11-ന്‌ ബുക്കിങ് ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അക്ഷയ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ പത്ത് പേ‍ർ വരെ ഉൾപ്പെടുന്ന ടിക്കറ്റിന് അധികമായി 70 രൂപയും അഞ്ച് പേർ വരെ ഉൾപ്പെടുന്ന സംഘത്തിന് 50 രൂപയും അധികമായി നൽകേണ്ടി വരും.

അഗസ്ത്യാ‍ർകൂടത്തിലേക്ക് അനുമതി ആർക്കൊക്കെ

ദുർഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ്‌ ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമാകും അനുമതി ലഭിക്കുക. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതി ലഭിക്കില്ല. അതുകൊണ്ടുതന്നെ അവർക്ക് അനുമതിക്കായി അപേക്ഷിക്കാനാകില്ല. സ്ത്രീകൾക്ക് അപേക്ഷിക്കാൻ അനുമതിയുണ്ടെന്ന് വ്യക്തമാക്കുന്ന അറിയിപ്പിൽ അവ‍ർക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റ് പ്രിന്‍റ് ഔട്ടിന്‍റെ പക‍ർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയിൽ കാർഡുമായി എത്തിയാൽ മാത്രമേ ട്രക്കിംഗിന് അനുമതി ലഭിക്കു. പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം ഒരു ഗൈഡിനെ അനുവദിക്കും. രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്‍റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രയ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടാം

ട്രക്കിംഗിനെത്തുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നി‍ർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. കൂടുതൽ വിവരങ്ങൾ അറിയണമെന്നാഗ്രഹിക്കുന്നവ‍ർ തിരുവനന്തപുരം പി ടി പി നഗറിലുള്ള വൈൽഡ്‍ലൈഫ് വാർഡന്‍റെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 0471-2360762.

click me!