ഈ റോഡുകളില്‍ മരണം പതിയിരിക്കുന്നു!

By Web Team  |  First Published Apr 18, 2019, 3:42 PM IST

സഞ്ചാരികളുടെ ഹരമാണ് റോഡ് യാത്രകള്‍. ഡ്രൈവിംഗ് പ്രേമികള്‍ക്കും പുത്തന്‍ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ റോഡ് യാത്രകള്‍ വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അപകടം പതിയിരിക്കുന്ന റോഡുകളുണ്ട്. മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഇവിടങ്ങളിലെ യാത്ര സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നതാണ്. അത്തരത്തിലെ അപകടം പിടിച്ച പാതകള്‍ ലോകത്ത് ഒട്ടനവധിയുണ്ട്. ഈ വഴികളിലൊക്കെ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് മറ്റാരുമല്ല. പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ ചേര്‍ന്നാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഇതാ ഏറ്റവും അപകടം പിടിച്ച ലോകത്തിലെ 9 മരണ റോഡുകളെ പരിചയപ്പെടാം.


1.അറ്റ്‌ലാന്റിക് ഓഷ്യന്‍ റോഡ്

സ്വപ്ന സമാനമാണ് നോര്‍വെയിലെ അറ്റ്ലാന്റിക് റോഡ്. അറ്റ്ലാന്‍റിക് കടല്‍ത്തീരത്തോട് ചേര്‍ന്നു സമുദ്രത്തിലൂടെ കിടക്കുന്ന ഈ ഹൈടെക് റോഡ് നഗരങ്ങളായ ക്രിസ്റ്റിയന്‍സണ്ട്, മോള്‍ഡേ എന്നിവയേയും ദ്വീപുകളായ ലിറ്റ്‌ലോവോയ, സ്‌റ്റോര്‍ലൊവോയ, ലിംഗോള്‍മെന്‍ തുടങ്ങി മറ്റ് നിരവധി ദ്വീപുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. 64ആം റോഡ് എന്നും വിളിപ്പേര്. പക്ഷേ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കണ്ട് കൊണ്ട് സമുദ്രത്തിന് മുകളിലെ പാലത്തിലൂടെ അങ്ങനെ ചീറിപ്പായുമ്പോഴായിരിക്കും പൊടുന്നനെ മരണം നിങ്ങളെ തേടിയെത്തുക. അപ്രതീക്ഷിതമായെനത്തുന്ന ഭ്രാന്തന്‍ തിരമാലകള്‍ ഒരുപക്ഷേ നിങ്ങളെ കടലിലേക്ക് വലിച്ചെടുക്കും.

Latest Videos

2. തെക്കന്‍ യുംഗസ് റോഡ്
ബൊളീവിയന്‍ കാടുകളുടെ രൗദ്രതമുഴുവന്‍ ആവാഹിച്ചിരിക്കുകയാണ് തെക്കന്‍ യുംഗസ് റോഡ്. ബൊളീവിയയിലെ ലാ പാസും ചുലുമാണി പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണ്. അഗാധ ഗര്‍ത്തങ്ങളുടെ വിളുമ്പിലൂടെ കടന്നു പോകുന്ന ഈ പാത പലയിടങ്ങളിലും വളരെ നേര്‍ത്തതാണ്.

3. ദ ബ്ലൂ റിഡ്ജ് പാര്‍ക്ക്വേ-അപ്ലാച്ചിയ
കിഴക്കന്‍ യുഎസിലെ ദേശീയപാത. വിര്‍ജിനീയ, നോര്‍ത്ത് കരോലിന എന്നിവയിലൂടെയൊക്കെ വളഞ്ഞുപുളഞ്ഞ റോഡ് ഇടയ്ക്ക് ചുണ്ണാമ്പു ഗുഹാമധ്യത്തിലൂടേയും കടന്നു പോകും.

4. വിറ്റിം പാലം
സൈബരീയയിലെ വിറ്റിം നദി മുറിച്ച്‌ കടക്കുന്ന ഇരുമ്പുപാലം ഒരു പ്രേതഭൂമിയിലേക്കുള്ള യാത്രയെ ഓര്‍ർമ്മിപ്പിക്കും. പഴകിപ്പൊളിയാറായ ഈ മരപ്പാലം ഡ്രൈവര്‍മാരുടെ പേടി സ്വപ്നമാണ്. 1870 അടി നീളുമുള്ള ഈ പാലത്തിന്‍റെ വീതി കേവലം 6 അടി മാത്രം. അതായത് ഭീതിയോടെയല്ലാതെ കാല്‍നട യാത്ര പോലും പൂര്‍ത്തിയാക്കാനാവാത്ത മരവും ഇരുമ്പും ചേര്‍ന്ന് ഈ പാലത്തിലൂടെയാണ് പ്രദേശത്തെ ഡ്രൈവര്‍മാര്‍ അനായാസേന വണ്ടി ഓടിക്കുന്നത്!

5. യുഎസ് 1- കീ ലാര്‍ഗോ ടു കീ വെസ്റ്റ് ഫ്‌ലോറിഡ
നീണ്ട പാലത്തിലൂടെ ദ്വീപുകള്‍ക്കിടയിലൂടെയുള്ള ഒരു അദ്ഭുത യാത്ര ഈ റോഡ് സമ്മാനിക്കും. സെന്‍റ് മേരീസ് പുഴയുടെയും ജോര്‍ജ്ജിയയുടെയുമൊക്കെ മനോഹാരിതയും ഭീകരതയും ഒരേ സമയം ആസ്വദിക്കാം.

6. ഷൈയരി ഇഷ്ടൈയിരി റോഡ്
 ഇന്ത്യയിലാണ് ഈ റോഡ്.  ഷൈയരില്‍ നിന്ന് ഇഷ്ടൈയിരിയിലേക്കുള്ള പാത ലോകത്തിലെ രണ്ടാമത്തെ അപകട പാത എന്നാണ് അറിയപ്പെടുന്നത്. ഹിമാചലിലെ ചമ്പാ ജില്ലയും കീലോംഗും മണാലിയുമൊക്കെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡില്‍ മരണം പതിയിരിപ്പുണ്ട്.

7. നാഷണല്‍ റൂട്ട് 40 അഥവ റൂട്ടാ 40- അര്‍ജന്റീന
ലോകത്തിലെ ഏറ്റവും വലിയ ഹൈവേകളില്‍ ഒന്നാണിത്. മണ്ണടിഞ്ഞ പര്‍വ്വത പ്രദേശങ്ങളിലും കളിമണ്‍ ചെമ്മണ്‍ പ്രദേശങ്ങളിലുമെല്ലാം ചീറിപ്പാഞ്ഞ് അധികം തിരക്ക് ഇല്ലാത്ത റോഡിലൂടെ അങ്ങനെ നീങ്ങാം.

8.  സോജി ലാ പാസ്
കണ്ണടച്ചു തുറക്കുന്ന നിമിഷത്തെ അശ്രദ്ധ മതി വാഹനം 3538 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയാന്‍. ഇടുങ്ങിയ സോജി ലാ പാസ് കാശ്മീരിലെ ലേയില്‍ നിന്നും ശ്രീനഗറിലേക്കുള്ള വഴിയാണ്. ലഡാക്കിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

9. ദേശീയപാത 22
ചണ്ഡിഗഡില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഖാബ് വരെ നീണ്ടു കിടിക്കുന്ന മരണപാത. നരകത്തിലേക്കുള്ള ദേശീയപാതയെന്നാണ് നാഷണല്‍ ഹൈവേ 22 അറിയപ്പെടുന്നത്. മലനിരക്കിടയിലൂടെയുള്ള തുരങ്കങ്ങളും തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡും ദേശീയപാത 22നെ ഇന്ത്യയിലെ ഏറ്റവും അപകടമുള്ള പാതയാക്കുന്നു. ഇവിടെ അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്.

ഇനി ഈ വീഡിയോ കൂടി കണ്ടോളു

 

 

 

click me!