'വന്യജീവി നിരീക്ഷണത്തിനായുള്ള ക്യാമറയില്‍ പതിഞ്ഞത്' ആര്? 'പുഷ്പ 2' ‌പ്രൊമോ

By Web Team  |  First Published Apr 7, 2023, 4:54 PM IST

കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രം


തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ‌ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. അല്ലുവിന്‍റെ പിറന്നാള്‍ ദിന തലേന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ. 

കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്‍റെ പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയത്. വിശേഷിച്ചും ഹിന്ദി പതിപ്പ്. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് ആയിരുന്നു രണ്ടാം ഭാഗത്തിന്‍റെ പൂജ ചടങ്ങുകള്‍ നടന്നത്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. 

Latest Videos

ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

ALSO READ : താനൊരു 'കോമണര്‍' ആണെന്ന് ഗോപിക; ഇനി അത് പറയരുതെന്ന് ബിഗ് ബോസില്‍ സഹമത്സരാര്‍ഥികള്‍

tags
click me!