ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം
കന്നഡ സിനിമാ മേഖലയ്ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നുകൊടുത്ത ചിത്രമായിരുന്നു കെജിഎഫ്. ബോളിവുഡ്, തെലുങ്ക്, തമിഴ് വ്യവസായങ്ങളെ അപേക്ഷിച്ച് ഏറെക്കുറെ കന്നഡ സംസാരഭാഷയായ പ്രേക്ഷകരിലേക്ക് മാത്രമാണ് സാന്‍ഡല്‍വുഡ് ചിത്രങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍ കെജിഎഫ് ആ സ്ഥിതി മാറ്റി. ചിത്രം നേടിയ വിസ്‍മയ വിജയം ഇനിയും വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ ഒരുക്കാന്‍ അവിടെനിന്നുള്ള നിര്‍മ്മാതാക്കള്‍ക്ക് വലിയ ധൈര്യമാണ് പകര്‍ന്നത്. കെജിഎഫ് 2നു ശേഷം ഇപ്പോഴിതാ കന്നഡത്തില്‍ നിന്ന് മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം എത്തുകയാണ്. കിച്ച സുദീപ് നായകനാവുന്ന വിക്രാന്ത് റോണയാണ് ആ ചിത്രം. 3ഡിയില്‍ ഒരുങ്ങിയിരിക്കുന്ന സിനിമയുടെ ട്രെയ്‍ലര്‍ പുറത്തെത്തി.
ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അനൂപ് ഭണ്ഡാരിയാണ്. കിച്ച സുദീപ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ നീത അശോക് ആണ് നായിക. നിരൂപ് ഭണ്ഡാരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് അതിഥിതാരമായും എത്തുന്നുണ്ട്. ശാലിനി ആര്‍ട്‍സിന്‍റെ ബാനറില്‍ ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് നിര്‍മ്മാണം. ഇന്‍വെനിയോ ഫിലിംസിന്‍റെ ബാനറില്‍ അലങ്കാര്‍ പാണ്ഡ്യനാണ് സഹനിര്‍മ്മാണം. സല്‍മാന്‍ ഖാന്‍ ഫിലിംസും സീ സ്റ്റുഡിയോസും കിച്ച ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. പിവിആര്‍ പിക്ചേഴ്സ് ആണ് ഉത്തരേന്ത്യയിലെ വിതരണം.
കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ജൂലൈ 28ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
ALSO READ : കോടികൾ വിലയുള്ള താരജോഡി; നയൻസ്- വിഘ്നേഷ് വിപണിമൂല്യം 215 കോടി