മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍
തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രായത്തിലോ ശാരീരികാവസ്ഥയിലോ ഒക്കെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്കോവറുകള്‍ പൊതുവെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. എന്നാലിപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ സിനിമാപ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ആദ്യ വീഡിയോയിലെ ഹൈലൈറ്റ് വിജയരാഘവന്‍റെ കഥാപാത്രമാണ്.
മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍. ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തില്‍ എത്തുന്നുണ്ട്. ആനന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഒരു മനോഹരമായ കുടുംബചിത്രമായിരിക്കും ഇതെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ പൂക്കാലത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള വിജയരാഘവൻ അഭിനയരംഗത്ത് 50 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് നൂറിനോടടുത്ത് പ്രായം തോന്നിക്കുന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇവർക്കൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.
സിഎൻസി സിനിമാസ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ വിനോദ് ഷൊര്‍ണൂര്‍, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു. പ്രൊഡക്‌ഷന്‍ ഡിസൈനര്‍ സൂരജ് കുറവിലങ്ങാട്, ചിത്രസംയോജനം മിഥുന്‍ മുരളി, സംഗീതം, പശ്ചാത്തല സംഗീതം സച്ചിന്‍ വാര്യര്‍, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, ചമയം റോണക്‌സ് സേവ്യര്‍, പ്രൊഡക്‌ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ് ആര്‍ വാര്യര്‍, നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന്‍ അരുണ്‍ തോമസ്, പിആര്‍ഒ എ എസ് ദിനേശ്, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്.
ALSO READ : ബെല്‍സ് പാള്‍സി രോഗം; നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍