ചിമ്പു, ഗൗതം മേനോന്‍ ഒന്നിക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ; 'വെന്ത് തനിന്തത് കാട്' ട്രെയ്‍ലര്‍

By Web Team  |  First Published Sep 3, 2022, 10:36 PM IST

തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന


തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്‍റിക് ഹിറ്റുകളിലൊന്നായ വിണ്ണൈതാണ്ടി വരുവായാ ഒരുക്കിയ കൂട്ടുകെട്ടാണ് ഗൌതം മേനോനും ചിമ്പുവും. പുറത്തിറങ്ങി 12 വര്‍ഷങ്ങള്‍ക്കിപ്പുറവും തമിഴ് സിനിമാപ്രേമികളുടെ പ്രിയചിത്രമായി അത് തുടരുന്നുണ്ട്. ഇരുവരും ഒരുമിച്ച മറ്റൊരു ചിത്രം അച്ചം യെന്‍പത് മടമൈയടാ ആയിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൊവിഡ് കാലത്ത് ഒരു ഹ്രസ്വചിത്രത്തിനായും ഇരുവരും ഒന്നിച്ചിരുന്നു. 'വിണ്ണൈതാണ്ടി വരുവായാ' നായികാ നായകന്മാരുടെ ലോക്ക് ഡൗണ്‍ കാലം ദൃശ്യവത്കരിച്ച 'കാര്‍ത്തിക് ഡയല്‍ സെയ്‍താ യേന്‍' ആയിരുന്നു ഈ ചിത്രം. ഇതും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ഇതുവരെ ചെയ്‍തതില്‍ നിന്നും വ്യത്യസ്‍തമായ ഒരു ശ്രമവുമായാണ് ഇരുവരും പ്രേക്ഷകരെ അഭിമുഖീകരിക്കുന്നത്.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന വെന്ത് തനിന്തത് കാട് ആണ് ആ ചിത്രം. 2021 ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ച ചിത്രമാണിത്. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങളായിട്ടാവും ചിത്രം പ്രദര്‍ശനത്തിന് എത്തുക. ദ് കിന്‍ഡ്‍ലിംഗ് എന്നാണ് ആദ്യ ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ഈ ഭാഗം സെപ്റ്റംബര്‍ 15 ന് ലോകമാകമാനം തിയറ്ററുകളിലെത്തും. 

Latest Videos

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ട്രെയ്‍ലറിലും നീരജിന്‍റെ സാന്നിധ്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, എഡിറ്റിംഗ് ആന്‍റണി, നൃത്തസംവിധാനം ബൃന്ദ, ആക്ഷന്‍ ഡയറക്ടര്‍ ലീ വിറ്റാക്കര്‍.

click me!