ശ്രുതി ഹാസന്‍ നായിക
സിനിമകളുടെ തെരഞ്ഞെടുപ്പിലും സ്ക്രീനിന് പുറത്തെ അഭിപ്രായ പ്രകടനങ്ങളിലുമൊക്കെ നന്ദമുറി ബാലകൃഷ്ണയ്ക്ക് സ്വന്തം രീതികളുണ്ട്. അതിപ്പോള്‍ വിമര്‍ശകര്‍ എന്തുതന്നെ പറഞ്ഞാലും. അദ്ദേഹത്തിന്‍റെ സിനിമകള്‍ നേടുന്ന കളക്ഷനിലും സമീപകാലത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഖണ്ഡ. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യ എന്ന ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. വീര സിംഹ റെഡ്ഡി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നതാവും ചിത്രമെന്ന് ട്രെയ്‍ലര്‍ പറയുന്നു. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്.
തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.