നവാഗതനായ അനൂപ് പന്തളം സംവിധാനം
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. നവംബര്‍ 25 റിലീസ് ആണ് ചിത്രം.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ രാജൻ, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, കളറിസ്റ്റ് വിവേക് നായര്‍.
ALSO READ : 'കാത്തിരിപ്പ് അവസാനിക്കുന്നു'; 'ഗോള്‍ഡ്' ഡിസംബറില്‍ എത്തുമെന്ന് ബാബുരാജ്
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍'. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.