ജൂലൈ 22ന് തിയറ്ററുകളില്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള ചലച്ചിത്ര വ്യവസായമെന്നുള്ള, കാലാകാലങ്ങളായുള്ള തങ്ങളുടെ പേരിന് ക്ഷതമേറ്റതിന്‍റെ ഞെട്ടല്‍ ബോളിവുഡിനുണ്ട്. തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ സമീപകാലത്തുണ്ടായ വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് പകരം വെക്കാന്‍ ബോളിവുഡിന് ചിത്രങ്ങള്‍ ഉണ്ടായില്ല എന്നു മാത്രമല്ല, വന്‍ പ്രതീക്ഷയോടെ എത്തിയ അവിടുത്തെ സൂപ്പര്‍താര ചിത്രങ്ങള്‍ പലതും പരാജയങ്ങളുമായി. ഇപ്പോഴിതാ വന്‍ കാന്‍വാസില്‍ ഒരുങ്ങിയ പല തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുമുള്ള മറുപടിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ബോളിവുഡില്‍ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം പുറത്തെത്തുകയാണ്. രണ്‍ബീര്‍ കപൂറിനെ (Ranbir Kapoor) ടൈറ്റില്‍ കഥാപാത്രമാക്കി കിരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‍ത ഷംഷേര (Shamshera) ആണ് ആ ചിത്രം. ജൂലൈ 22ന് തിയറ്ററുകളിലെത്താന്‍ തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. 2018 ഡിസംബറില്‍ ആരംഭിച്ച ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. ബാഹുബലിയെയും കെജിഎഫിനെയുമൊക്കെ എവിടെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്ന ചില ഫ്രെയിമുകള്‍ ടീസറിലുണ്ട്. സാങ്കേതിക പൂര്‍ണ്ണതയുള്ള തിയറ്റര്‍ അനുഭവം ഒരുക്കുന്നതാവും ചിത്രം എന്ന പ്രതീക്ഷയുണര്‍ത്തുന്നതാണ് ടീസര്‍. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ജൂണ്‍ 24ന് പുറത്തെത്തും.
ALSO READ : 'ആദിപുരുഷി'നായി 120 കോടി രൂപ ആവശ്യപ്പെട്ട് പ്രഭാസ്