ലോക് ഡൗൺ പശ്ചാത്തലമാക്കി കഥ പറയുന്ന റൂട്ട് മാപ്പിന്‍റെ ചിത്രീകരണം കൊവിഡ് കാലത്തു തന്നെയാണ് പൂര്‍ത്തിയാക്കിയത്
ലോകമാകെ മനുഷ്യരുടെ ജീവിതത്തെ അടിമുടി സ്വാധീനിച്ച ഒന്നായിരുന്നു കൊവിഡ് കാലം. സ്വാഭാവിക ജീവിതത്തില്‍ നിന്ന് ആളുകള്‍ മാറ്റിനിര്‍ത്തപ്പെട്ട അക്കാലം അതുവരെയുള്ള സാമൂഹികാനുഭവങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‍തവുമായിരുന്നു. ആ കാലയളവ് പശ്ചാത്തലമാക്കി പല ഭാഷകളില്‍ സിനിമകളും എത്തിയിരുന്നു. ഇപ്പോഴിതാ ആ പശ്ചാത്തലത്തില്‍ ഒരു മലയാള ചിത്രം കൂടി പുറത്തുവരികയാണ്. സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് റൂട്ട് മാപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. മക്ബൂല്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തെത്തി.
ലോക് ഡൗൺ പശ്ചാത്തലമാക്കി കഥ പറയുന്ന റൂട്ട് മാപ്പിന്‍റെ ചിത്രീകരണം കൊവിഡ് കാലത്തു തന്നെയാണ് പൂര്‍ത്തിയാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടായിരുന്നു ചിത്രീകരണം. പത്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആനന്ദ് മന്മഥൻ, ഷാജു ശ്രീധർ, നോബി, ഗോപു കിരണ്‍, സിൻസീർ, ശ്രുതി റോഷൻ, നാരായണൻ കുട്ടി, ജോസ്, സജീർ സുബൈർ, ലിൻഡ, അപർണ, ഭദ്ര തുടങ്ങിയവരും അഭിനയിക്കുന്നു.
ALSO READ : ക്രിസ്‍മസ് സമ്മാനമായി ടൈറ്റില്‍ എത്തും; പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍
കൊവിഡ് കാലത്ത് രണ്ട് ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അരുൺ കായംകുളം എഴുതുന്നു. ആഷിഖ് ബാബു, അരുണ്‍ ടി ശശി എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് കർമ്മ, അശ്വിൻ വർമ്മ, യു എസ് ദീക്ഷ് എന്നിവർ ചേർന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രജനീഷ് ആര്‍ ചന്ദ്രന്‍, ശരത്ത് രമേശ്, അശ്വിന്‍ വര്‍മ്മ എന്നിവരുടേതാണ് വരികള്‍. പശ്ചാത്തല സംഗീതം യു എസ് ദീക്ഷ്, എഡിറ്റിംഗ് കൈലാഷ് എസ് ഭവൻ, സംഭാഷണം കെ കെ, അഖില്‍രാജ്.