കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം
മമ്മൂട്ടിയുടെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറ്റവും മുന്നിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് റോഷാക്ക്. പ്രഖ്യാപന സമയത്തുതന്നെ ചിത്രത്തിന്‍റെ വ്യത്യസ്‍തമായ പേരും പോസ്റ്ററുമൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഉത്രാട ദിനത്തില്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ലൂക്ക് ആന്‍റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. എന്നാല്‍ ഈ ബാനറിന്‍റേതായി ആദ്യം പൂര്‍ത്തിയായ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിക്കുന്നത്.
കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്സ് സേവ്യർ, എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖറാണ് പി ആർ ഒ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.