2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍റെ സീക്വല്‍
വിജയ് ആന്‍റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പിച്ചൈക്കാരന്‍ 2 ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍റെ സീക്വല്‍ ആണിത്. വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരന്‍റെ രചനയും സംവിധാനവും ഗുരുമൂര്‍ത്തി ആയിരുന്നു. തമിഴിന് പുറമെ 'ബിച്ചഗഡു' എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. പിച്ചൈക്കാരന്‍ 2 ന്‍റെ രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
മികച്ച തിയറ്റര്‍ അനുഭവം പകരുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണര്‍ത്തുന്നതാണ് ട്രെയ്‍ലര്‍. ചിത്രത്തിന്‍റെ പ്രഖ്യാപനവേളയില്‍ ദേശീയ പുരസ്കാരം നേടിയ സംവിധായിക പ്രിയ കൃഷ്‍ണസ്വാമി ചിത്രം സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അവര്‍ പിന്മാറുകയും 'കോടിയില്‍ ഒരുവന്‍' സംവിധായകന്‍ അനന്ദകൃഷ്‍ണന്‍ പകരം എത്തുകയും ചെയ്‍തു. ആ തീരുമാനവും മാറ്റിയാണ് വിജയ് ആന്‍റണി തന്നെ സംവിധാന സ്ഥാനത്തേക്ക് എത്തിയത്.
വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. 'ബിച്ചഗഡു 2' എന്നായിരിക്കും തെലുങ്കിലെ പേര്. ഇതിന്‍റെയും ട്രെയ്‍ലര്‍ ഒരേസമയം പുറത്തെത്തിയിട്ടുണ്ട്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.