സ്ക്രീനില്‍ വിസ്‍മയമാവാന്‍ വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്'; ട്രെയ്‍ലര്‍ എത്തി

By Web Team  |  First Published Aug 20, 2022, 5:55 PM IST

സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്


വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പിരീഡ് ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രതീക്ഷ നല്‍കുന്നതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ കഥയില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പഴയ കാലം വിശ്വസനീയമായി പുനസൃഷ്ടിച്ചിരിക്കുന്നതും വമ്പന്‍ കാന്‍വാസും മികവുറ്റ ആക്ഷന്‍ രംഗങ്ങളുമൊക്കെ ട്രെയ്‍ലറില്‍ കാണാം.  

ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത് സിജു വില്‍സണ്‍ ആണ്. നേരത്തെ മെറ്റാവേഴ്സിൽ ട്രെയിലർ പുറത്തിറക്കിക്കൊണ്ട് ചിത്രം ചരിത്രമെഴുതിയിരുന്നു. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുന്‍പ് തയ്യാറാക്കിയത്. സെറ്റ് നിര്‍മ്മാണത്തില്‍ ആയിരത്തില്‍ അധികം പേര്‍ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറില്‍ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന് എടുത്തതെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

Latest Videos

ALSO READ : നിര്‍മ്മാതാവായി കാര്‍ത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്; വരുന്നത് രണ്ട് ചിത്രങ്ങള്‍

തിരുവോണ ദിനത്തില്‍ തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്.  സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിം​ഗ് കണ്ടന്റ് ഫാക്ടറി.

click me!