കൈയടി നേടാന്‍ റോഷന്‍, ദര്‍ശന; 'പാരഡൈസ്' ട്രെയ്‍ലര്‍

By Web Team  |  First Published Jun 20, 2024, 10:30 PM IST

ഛായാഗ്രഹണം രാജീവ് രവി


ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന  മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറയുന്നത്. 

ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു‌. മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ഈ മാസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. 28 നാണ് റിലീസ്. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ചിത്രം വിതരണം ചെയ്യുന്നത്.

Latest Videos

അതേസമയം അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ ചിത്രം ഇതിനകം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു. ഐഎഫ്എഫ്‍കെയിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള സംവിധായകനാണ് പ്രസന്ന വിത്തനാഗെ.

ALSO READ : കേരളത്തില്‍ വന്‍ സ്ക്രീന്‍ കൗണ്ടുമായി 'പോക്കിരി' റീ റിലീസ്

click me!