Paka Movie : ടൊറന്‍റോയില്‍ പ്രീമിയര്‍ ചെയ്‍ത മലയാള ചിത്രം; പകയ്ക്ക് ഒടിടി റിലീസ്

By Web Team  |  First Published Jun 29, 2022, 5:34 PM IST

'ജല്ലിക്കട്ട്', 'മൂത്തോന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്‍റോയില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തിയ മലയാളചിത്രം


അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച്, പ്രേക്ഷകശ്രദ്ധ നേടിയ മലയാള ചലച്ചിത്രം പക ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ഒടിടി പ്രീമിയര്‍. ജൂലൈ 7ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സോണി ലിവ് പുനരവതരിപ്പിച്ചിട്ടുണ്ട്.

ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലേക്ക് (ടിഫ്) ഒഫിഷ്യല്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു ഇത്. നവാഗത സംവിധായകരുടെയും സംവിധായകരുടെ കരിയറിലെ രണ്ടാമത്തെ സിനിമകളും പ്രദര്‍ശിപ്പിക്കുന്ന 'ഡിസ്‍കവറി' വിഭാഗത്തിലാണ് ടൊറന്‍റോയില്‍ പക പ്രദര്‍ശിപ്പിച്ചത്.  'ജല്ലിക്കട്ട്', 'മൂത്തോന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്‍റോയില്‍ പ്രീമിയര്‍ പ്രദര്‍ശനം നടത്തിയ മലയാളചിത്രവുമാണ് ഇത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയും പ്രമുഖ സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. 

Latest Videos

ALSO READ : 'അനുരാഗിനെ പടം കാണിക്കാന്‍ പറഞ്ഞത് അടൂര്‍ സാര്‍'; 'പക' സംവിധായകന്‍ പറയുന്നു

വയനാടിന്‍റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് ചിത്രം. ആദ്യ ലോക്ക് ഡൗണിനു മുന്‍പ് വയനാട്ടില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ കൊവിഡ് സാഹചര്യത്തില്‍ നീണ്ടുപോയി. വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ ഒരപ്പ് ആയിരുന്നു പ്രധാന ലൊക്കേഷന്‍. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും നിര്‍മ്മാണത്തില്‍ സഹകരിച്ചിട്ടുണ്ട്. ഹോളിവുഡിലേത് അടക്കം 25ല്‍ അധികം ചിത്രങ്ങളുടെശബ്‍ദ സംവിധാനം നിർവ്വഹിച്ചിട്ടുള്ള ആളാണ് നിതിന്‍ ലൂക്കോസ്. ബേസിൽ പൗലോസിനൊപ്പം നിതിൻ ജോർജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കൻ, അതുൽ ജോൺ, മറിയക്കുട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീകാന്ത് കബോത്തുവാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഫൈസൽ അഹമ്മദ്. 

click me!