'ഞാന്‍ ചെയ്‍ത ശരികളില്‍ തെറ്റുകളുണ്ട്'; വീണ്ടും പൊലീസ് യൂണിഫോമില്‍ സുരേഷ് ഗോപി; പാപ്പന്‍ ട്രെയ്‍ലര്‍

By Web Team  |  First Published Apr 16, 2022, 7:13 PM IST

ജോഷി- സുരേഷ് ഗോപി, ബിഗ് സ്ക്രീനിലെ ഹിറ്റ് കോമ്പിനേഷന്‍ വീണ്ടും


സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന 'പാപ്പന്‍റെ' (Paappan) ട്രെയ്‍ലര്‍ പുറത്തെത്തി. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് ചിത്രമെന്ന് പറയുന്നു. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. മോഹന്‍ലാലും മമ്മൂട്ടിയുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ട്രെയ്‍ലര്‍ റിലീസ് ചെയ്‍തത്.

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണിത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണിത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയയും നിര്‍മ്മാണ പങ്കാളികളാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Latest Videos

റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. കെയറോഫ് സൈറ ബാനു എന്ന ചിത്രത്തിനു ശേഷം ആര്‍ ജെ ഷാന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സെബാന്‍- ഒബ്‍സ്ക്യൂറ എന്‍റര്‍ടെയ്ന്‍മെന്‍റ്. ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

click me!