മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നയന്‍താരയുടെ മറ്റു ചിത്രങ്ങളും പുറത്തുവരാനുണ്ട്
നയന്‍താരയെ (Nayanthara) കേന്ദ്ര കഥാപാത്രമാക്കി ജി എസ് വിക്നേശ് സംവിധാനം ചെയ്‍തിരിക്കുന്ന ഒ 2 (O 2) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ശ്വസനസംബന്ധമായ രോഗാവസ്ഥയുള്ള മകന്‍റെ അമ്മയാണ് നയന്‍താരയുടെ കഥാപാത്രം. ഒരു യാത്രയ്ക്കിടെ അവരടക്കം സഞ്ചരിക്കുന്ന ബസ് അപകടത്തില്‍ പെട്ട് അസ്വാഭാവിക സാഹചര്യത്തില്‍ അകപ്പെടുന്നതും യാത്രികര്‍ ശ്വാസവായുവിന് പ്രതിസന്ധി നേരിടുന്നതുമാണ് ചിത്രത്തിന്‍റെ പ്ലോട്ടെന്ന് ട്രെയ്‍ലര്‍ സൂചന നല്‍കുന്നു.
നയന്‍താരയ്‍ക്കൊപ്പം റിത്വിക്കും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം തമിഴ് എ അഴകന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, സംഗീത സംവിധാനം വിജയ് ചന്ദ്രശേഖര്‍, ഡ്രീം വാരിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ആര്‍ പ്രകാശ് പ്രഭുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയ ചിത്രത്തിന്‍റെ റിലീസ് തീയതി ജൂണ്‍ 17 ആണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നയന്‍താരയുടെ മറ്റു ചിത്രങ്ങളും പുറത്തുവരാനുണ്ട്. അല്‍ഫോന്‍സ് പുത്രന്‍റെ മലയാള ചിത്രം ഗോള്‍ഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാന്‍, ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ ചിരഞ്ജീവി ചിത്രം ഗോഡ്ഫാദര്‍, അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കണക്ട് എന്നിവയാണ് അവ. ഇതില്‍ ഗോള്‍ഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തെത്തിയിരുന്നു. 'പ്രേമം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആറ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഒരു ചിത്രം വരുന്നത്. പൃഥ്വിരാജ് ആണ് ഈ ചിത്രത്തിലെ നായകന്‍. മുന്‍ ചിത്രങ്ങളായ നേരത്തെക്കുറിച്ചും പ്രേമത്തെക്കുറിച്ചും പറഞ്ഞതുപോലെ പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്നാണ് ഗോള്‍ഡിനെക്കുറിച്ചും അല്‍ഫോന്‍സ് പറഞ്ഞിരിക്കുന്നത്.