അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും
അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം നിഗൂഢത്തിന്‍റെ ടീസര്‍ പുറത്തെത്തി. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്ന മൂഡ് ആണ് ടീസറിന്.
ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജി ആന്‍ഡ് ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ് കെ നിർമ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം റോണി റാഫേൽ, ഗാനങ്ങൾ കൃഷ്ണ ചന്ദ്രൻ സി കെ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേക്കപ്പ് സന്തോഷ് വെൺപകൽ, എഡിറ്റിംഗ് സുബിൻ സോമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശങ്കർ , എസ് കെ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ മാനേജർ കുര്യൻ ജോസഫ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, മീഡിയ ഡിസൈൻ പ്രമേഷ് പ്രഭാകർ എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : 'ബ്രോ ഡാഡി' റീമേക്കില്‍ 'ഡാഡി' ഉണ്ടാവില്ല; ചിരഞ്ജീവി ആവശ്യപ്പെട്ട പ്രധാന വ്യത്യാസം