താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും മറിച്ച് നയന്‍താരയുടെ ജീവിതം തന്നെയാണെന്നും ഗൌതം മേനോന്‍ പറഞ്ഞിരുന്നു
സമീപകാലത്ത് ഏറ്റവുമധികം മാധ്യമശ്രദ്ധ നേടിയ താര വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും. ജൂണ്‍ 9 ന് മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ചായിരുന്നു താരവിവാഹം. ഡേറ്റ് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗ് ഹാഷ് ടാഗ് ആയിരുന്നു ഈ വിവാഹം. വിവാഹത്തിന്‍റെ വീഡിയോ അവകാശം ഒടിടി വമ്പന്‍ ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് പിന്നാലെ വാര്‍ത്തകള്‍ എത്തി. പ്രമുഖ സംവിധായകന്‍ ഗൌതം വസുദേവ് മേനോന്‍ ആണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത് എന്നും. എന്നാല്‍ താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും മറിച്ച് നയന്‍താരയുടെ ജീവിതം തന്നെയാണെന്നും ഗൌതം മേനോന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നായികാ താരത്തിന്‍റെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ജീവിതം കൌതുകത്തോടെ പകര്‍ത്തിയിരിക്കുന്ന ഡോക്യുമെന്‍ററി എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ടുകള്‍ പോലും ഇല്ലാത്ത, സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് നയന്‍താര. അതേസമയം തെന്നിന്ത്യയില്‍ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നായികാ താരവും. ആയതിനാല്‍ത്തന്നെ ഡോക്യുമെന്‍ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്.
രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.