കൗതുകമുണര്‍ത്തുന്ന ടീസറുമായി ലിജോ
മമ്മൂട്ടിയെ (Mammootty) കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം (Nanpakal Nerathu Mayakkam) എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ലോക ഉറക്ക ദിനത്തിലാണ് ലിജോ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റേതുള്‍പ്പെടെയുള്ള പകലുറക്കമാണ് ടീസറില്‍. ടീസറിലും ട്രെയ്‍ലറിലുമൊക്കെ എപ്പോഴും കൗതുകം ഉണര്‍ത്താറുള്ള ലിജോയുടെ (Lijo Jose Pellissery) പുതിയ ടീസറും അത്തരത്തില്‍ ഉള്ളതാണ്. 1.06 മിനിറ്റ് ആണ് വീഡിയോയുടെ ദൈര്‍ഘ്യം.
മമ്മൂട്ടി കമ്പനി എന്ന പേരില്‍ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും നിര്‍മ്മാണ പങ്കാളിത്തമുണ്ട് ചിത്രത്തില്‍. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അമരം' കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്നതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. രമ്യ പാണ്ഡ്യനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും മലയാളത്തിലെ യുവ സംവിധായക നിരയിലെ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സല്യൂട്ട് കേരളം പുരസ്കാരദിന ചടങ്ങില്‍ സംസാരിക്കവെ ജയസൂര്യ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞിരുന്നു.
ജയസൂര്യ പറഞ്ഞത്
എത്രയോപേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂടെയാണ് ഇന്ന് നമ്മള്‍ ഇരിക്കുന്നത്. എനിക്ക് വ്യക്തിപരമായി പറയാനുള്ളത് ഞാന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെക്കുറിച്ചാണ്. സിനിമയെന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തിവച്ചുതന്ന മനുഷ്യനാണ് അദ്ദേഹം. സിനിമയോടുള്ള സ്നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും ഞാന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത. അതിന്‍റെ അനുഭവം എനിക്കുതന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിക്കുകൊണ്ടിരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയും അസോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ മമ്മൂക്ക ചോദിച്ചു, ലിജോ എവിടെപ്പോയി? ലിജോ അപ്പുറത്തേക്ക് പോയെന്ന് ആരോ പറഞ്ഞു. മമ്മൂക്ക ചെന്ന് ലിജോയോട് ചോദിച്ചു, തനിക്ക് എന്‍റെ പെര്‍ഫോമന്‍സ് ഇഷ്‍ടപ്പെട്ടില്ലേയെന്ന്. അല്ല മമ്മൂക്ക, ഞാന്‍ ഇമോഷണല്‍ ആയിപ്പോയെന്നായിരുന്നു ലിജോയുടെ മറുപടി. ഇതൊക്കെയാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ പാഠപുസ്‍തകം എന്ന് പറയുന്നത്. ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മൂക്ക.