ആരാണ് 'ലക്കി സിംഗ്'? ത്രില്ലടിപ്പിക്കാന്‍ വൈശാഖ്, മോഹന്‍ലാല്‍; 'മോണ്‍സ്റ്റര്‍' ട്രെയ്‍ലര്‍

By Web Team  |  First Published Oct 9, 2022, 11:27 AM IST

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ നിഗൂഢതയുണര്‍ത്തുന്ന ട്രെയ്‍ലര്‍


മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ലക്കി സിംഗ് എന്ന പേരില്‍ വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാലിന്‍റെ കഥാപാത്രം എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നിഗൂഢത ഉണര്‍ത്തുന്ന ഒന്നാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍റെ രചയിതാവും സംവിധായകനും നായക നടനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. 

മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. 

Latest Videos

ALSO READ : മറ്റെല്ലാ ചിത്രങ്ങള്‍ക്കും മാറിനില്‍ക്കാം; തമിഴ്നാട് കളക്ഷനില്‍ ചരിത്രം കുറിച്ച് 'പൊന്നിയിന്‍ സെല്‍വന്‍ 1'

മോഹന്‍ലാലിന്‍റേതായി മറ്റു ചില ചിത്രങ്ങളും പുറത്തുവരാനുണ്ട്. ഷാജി കൈലാസിന്‍റെ എലോണ്‍, മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസ്, ജീത്തു ജോസഫിന്‍റെ റാം, വിവേകിന്‍റെയും അനൂപ് സത്യന്‍റെയും പേരിടാത്ത ചിത്രങ്ങള്‍, എമ്പുരാന്‍, എംടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് സിരീസിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും എന്നിവയാണ് അവ.

click me!