ഇതുവരെ കണ്ടതൊന്നുമല്ല ആക്ഷന്‍; വീണ്ടും വിസ്‍മയം തീര്‍ക്കാന്‍ ടോം ക്രൂസ്: 'മിഷന്‍ ഇംപോസിബിള്‍ 7' ട്രെയ്‍ലര്‍

By Web Team  |  First Published May 18, 2023, 9:13 AM IST

ജൂലൈ 12 ന് തിയറ്ററുകളില്‍


ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ പല ചലച്ചിത്ര വ്യവസായങ്ങളില്‍ പല താരങ്ങളുടെ മുഖങ്ങളാണ് സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരിക. ഹോളിവുഡില്‍ അത് ടോം ക്രൂസ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികതയുടെ പേരില്‍ ഓരോ ചലച്ചിത്രവും ചിത്രീകരണസമയത്തു തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് ഒന്നും അതുപോലെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

2018 ല്‍ പുറത്തെത്തിയ മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ടിന്‍റെ സീക്വലും മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണ് ഇത്. എംഐ (മിഷന്‍ ഇംപോസിബിള്‍) സിരീസിലെ റോഗ് നേഷന്‍ (2015), ഫാള്‍ഔട്ട് (2018), ജാക്ക് റീച്ചര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ മക് ക്വാറിയാണ് എംഐ 7 ന്‍റെ സംവിധാനവും സഹ രചനയും. ഐഎംഎഫ് ഏജന്‍റ് എതാന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന ആക്ഷന്‍ സ്പൈ ചിത്രത്തില്‍ ഹൈലേ ആറ്റ്‍വെല്‍, വിംഗ് റെയിംസ്, സൈമണ്‍ പെഗ്ഗ്, റെബേക്ക ഫെര്‍ഗൂസന്‍, വനേസ കിര്‍ബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

Latest Videos

സ്കൈഡാന്‍സും ടിസി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുക ജൂലൈ 12 ന് ആണ്. പാരമൗണ്ട് പിക്ചേഴ്സ് ആണ് വിതരണം. ഫ്രേസര്‍ ടഗാര്‍ട്ട് ഛായാഗ്രഹണവും എഡ്ഡി ഹാമില്‍ട്ടണ്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ലോണ്‍ ബാല്‍ഫെയാണ് സംഗീതം. 290 മില്യണ്‍ ഡോളര്‍ (2388 കോടി രൂപ) ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് എന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് വ്യവസായം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നുമാണ് ഇത്.

ALSO READ : 'റോബിന്‍ അവിടിരിക്കൂ'; തര്‍ക്കം പരിഹരിക്കാനെത്തിയ 'അതിഥി'യോട് അഖില്‍ മാരാര്‍

click me!